ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 15 ദിവസം സമയം അനുവദിച്ച് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഒക്ടോബര്‍ 15ന് മുന്‍പ് ആധാര്‍ ഡീലിങ്കി൦ഗ് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ അല്ലെങ്കില്‍ ‘എക്‌സിറ്റ് പ്ലാന്‍’ ലഭ്യമാക്കണെന്നാണ് യു.ഐ.ഡി.എ.ഐ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് ആധാര്‍ ലിങ്കിംഗ് നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഈ നടപടി. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചു കഴിഞ്ഞു. 


ഒരാളുടെ മുഖം, വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവയുമായി ബന്ധിപ്പിച്ച ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യപ്പെടാനാവില്ലെന്നാണ് കഴിഞ്ഞയാഴ്ച സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ബാങ്ക് അക്കൗണ്ടുകള്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, സ്‌കൂള്‍ പ്രവേശനം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്.


നേരത്തെ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം വന്നതിന് പിന്നാലെ മൊബൈല്‍ കമ്പനികള്‍ പുതിയ കണക്ഷനുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചിരുന്നു. നിരവധിയാളുകള്‍ മൊബൈല്‍ കണക്ഷനുകളുമായി ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോടതിയുടെ പുതിയ ഉത്തരവ് ഈ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ടെലികോം കമ്പനികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.