BCCI punishes Sanju Samson: അനീതിയ്ക്ക് പിറകെ സഞ്ജുവിന് പിഴയും; വിവാദ ഔട്ടില്‍ അമ്പയറോട് തര്‍ക്കിച്ചതിന് 30 ശതമാനം പിഴ

BCCI punishes Sanju Samson: അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ, അത് ചോദ്യം ചെയ്തതാണ് സഞ്ജുവിന് വിനയായത്.

Written by - Zee Malayalam News Desk | Last Updated : May 8, 2024, 12:49 PM IST
  • മാച്ച് ഫീസിന്റെ 30 ശതമാനം ആണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്
  • സഞ്ജുവിന് റിവ്യൂ നല്‍കാന്‍ പോലും അവസരം കിട്ടിയില്ല
  • 46 പന്തില്‍ 86 റണ്‍സുമായി കത്തുന്ന ഫോമില്‍ നില്‍ക്കുകയായിരുന്നു സഞ്ജു സാംസണ്‍
BCCI punishes Sanju Samson: അനീതിയ്ക്ക് പിറകെ സഞ്ജുവിന് പിഴയും; വിവാദ ഔട്ടില്‍ അമ്പയറോട് തര്‍ക്കിച്ചതിന് 30 ശതമാനം പിഴ

ദില്ലി: കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം സഞ്ജു സാംസണ്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. ടീം വിജയത്തിലേക്കും സഞ്ജു സെഞ്ച്വറിയിലേക്കും നീങ്ങുന്ന ഘട്ടത്തില്‍ ആയിരുന്നു ടിവി അമ്പയറുടെ വിവാദമായ ഔട്ട് തീരുമാനം. ഈ തീരുമാനം ഉള്‍ക്കൊള്ളാനാകാതെ ഫീല്‍ അമ്പയര്‍മാരോട് സംസാരിക്കുന്ന സഞ്ജു സാംസണെ മൈതാനത്തില്‍ കാണാമായിരുന്നു.

ക്രിക്കറ്റിലെ ആത്യന്തികമായ നിമയം, അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും എന്നതാണ്. ഈ തീരുമാനത്തെ ചോദ്യം ചെയ്താല്‍ അതിന് ശിക്ഷയും ഉണ്ട്. അമ്പയറുടെ തീരുമാനം ശരിയായിരുന്നോ, തെറ്റായിരുന്നോ എന്നത് ഇവിടെ ഒരു പ്രശ്‌നമേ അല്ല. അങ്ങനെ, തന്റെ വിവാദ ഔട്ട് ചോദ്യം ചെയ്ത സഞ്ജു സാംസണ് ബിസിസിഐ പിഴ വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. മാച്ച് ഫീസിന്റെ 30 ശതമാനം ആണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്.

ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള മത്സരത്തിന്റെ 16-ാം ഓവറില്‍ ആയിരുന്നു മത്സരത്തിന്റെ ഗതി മാറ്റിമറിച്ച ആ സംഭവം അരങ്ങേറിയത്. മുകേഷ് കുമാറിന്റെ പന്തില്‍ ലോംഗ് ഓണിലേക്ക് സഞ്ജു പായിച്ച പന്ത് ബൗണ്ടറി ലൈനില്‍ വച്ച് ഷായ് ഹോപ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനിനെ സ്പര്‍ശിച്ചോ എന്നത് ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് വ്യക്തമായിരുന്നില്ല. ഇതോടെ അന്തിമ തീരുമാനം ടിവി അമ്പയര്‍ക്ക് വിടുകയായിരുന്നു.

ടിവി അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. സഞ്ജുവിനെ സംബന്ധിച്ച് മാത്രമല്ല, ഡഗ് ഔട്ടിലിരിക്കുകയായിരുന്ന പരിശീലകന്‍ സങ്കക്കാരക്കോ മറ്റ് ക്രിക്കറ്റ് പ്രേമികള്‍ക്കോ ഉള്‍ക്കൊള്ളാന്‍ ആകുന്നതായിരുന്നില്ല ആ തീരുമാനം. ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചോ എന്നത് വ്യത്യസ്ത ആംഗിളുകളില്‍ പരിശോധിക്കാതെ ധൃതിയില്‍ തീരുമാനം എടുക്കുകയായിരുന്നു ടിവി അമ്പയര്‍ ചെയ്തത്. പരിശോധിച്ച ദൃശ്യം തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. ഇതോടെയാണ് സഞ്ജു ഗ്രൗണ്ട് അമ്പയര്‍മാര്‍ക്കരികിലേക്ക് ചെന്ന് വിഷയം ഉന്നയിച്ചത്. സഞ്ജുവിന് റിവ്യൂ നല്‍കാന്‍ പോലും അവസരം കിട്ടിയില്ല. മത്സര ചട്ടങ്ങള്‍ക്ക് അത് വിരുദ്ധമാണ് എന്നായിരുന്നു അമ്പയര്‍മാരുടെ പക്ഷം.

46 പന്തില്‍ 86 റണ്‍സുമായി കത്തുന്ന ഫോമില്‍ നില്‍ക്കുകയായിരുന്നു സഞ്ജു സാംസണ്‍ അപ്പോള്‍. കളി ജയിക്കാന്‍ 4.2 ഓവറില്‍ 60 റണ്‍സ് മാത്രം ആവശ്യമുള്ള സമയം. സഞ്ജു സാംസണ്‍ ആണെങ്കില്‍ സെഞ്ച്വറിയില്‍ നിന്ന് വെറും 14 റണ്‍സ് മാത്രം അകലെ... ഒടുവില്‍ രാജസ്ഥാന്‍ 20 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെടുകയും ചെയ്തു. 11 മത്സരങ്ങളില്‍ 8 വിജയങ്ങളും 3 പരാജയങ്ങളും ആയി 16 പോയന്റോടെ രാജസ്ഥാന്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണുള്ളത്.

ഈ ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ് ബിസിസിഐ പിഴ ചുമത്തുന്നത് രണ്ടാമത്തെ തവണയാണ് എന്ന പ്രത്യേകതയും ഉണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏപ്രില്‍ 10 ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിനായിരുന്നു പിഴ. 12 ലക്ഷം രൂപയാണ് അന്ന് പിഴയൊടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിന്റെ ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നായി സഞ്ജു 471 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. ബാറ്റിങ് ആവറേജിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് സഞ്ജു. ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും അധികം അർദ്ധ സെഞ്ച്വറി നേടിയതും സഞ്ജു തന്നെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News