തിരുനെൽവേലി കലക്ട്രേറ്റ് വളപ്പിൽ തീ കൊളുത്തി മൂന്നു പേര് മരിച്ചു
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ മരണം മൂന്നായി. തിരുനെൽവേലിയിലെ കാശിധർമം സ്വദേശികളായ സ്ത്രീയും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കലക്ട്രേറ്റ് വളപ്പിൽ ഒരു കുടുംബത്തിലെ നാല് പേർ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ മരണം മൂന്നായി. തിരുനെൽവേലിയിലെ കാശിധർമം സ്വദേശികളായ സ്ത്രീയും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
തിരുനെൽവേലി കളക്ട്രേറ്റ് വളപ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കാശിധർമം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും രണ്ട് പെൺമക്കളും വട്ടിപ്പലിശക്കാർക്കെതിരെ പരാതി നൽകാൻ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുൻപ് ഇവർ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തൊട്ടടുത്തുള്ളവർ മണ്ണ് വാരിയെറിഞ്ഞും മറ്റും രക്ഷിയ്ക്കാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ സുബ്ബുലക്ഷ്മിയും അഞ്ച് വയസ്സുകാരി മധു സാരുണ്യയും വൈകിട്ടോടെ എട്ട് വയസ്സുകാരി ഭരണിയും മരിച്ചു. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ഇസൈക്കിമുത്തുവിന്‍റെ നില ഗുരുതരമാണ്. ഗ്രാമത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് ഒന്നരലക്ഷം രൂപ കടം വാങ്ങിയ ഇവർ രണ്ട് ലക്ഷത്തി മുപ്പത്തിനാലായിരം രൂപ തിരിച്ചടച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ രണ്ട് ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഇവർ കലക്ട്രേറ്റിൽ പരാതി നൽകാനെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.