ആയിരങ്ങള്‍ കണ്ടു, പോലീസ് മാത്രം കണ്ടില്ല? വിദ്വേഷ പ്രസംഗകകരെ കൈവിട്ട് കോടതി
തികച്ചും നടകീയ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്.
ന്യൂഡല്‍ഹി: തികച്ചും നടകീയ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്.
വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് BJP നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച അവസരത്തില്‍ ഡല്‍ഹി പോലീസിനെയും സോളിസിറ്റര്‍ ജനറലിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആയിരങ്ങള്‍ കണ്ടു, പോലീസ് കണ്ടില്ലെ? എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഹര്‍ജിയില്‍ വാദം നടക്കുന്ന അവസരത്തില്‍ BJP നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടിരുന്നോയെന്ന് കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ക്രൈംബ്രാഞ്ച്) രാജേഷ് ദിയോയോടും ചോദിച്ചു.
താന്‍ ടിവി കണ്ടില്ലെന്നും ആ ക്ലിപ്പുകള്‍ കണ്ടിട്ടില്ലെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്കിയ മറുപടി. എന്നാല്‍, ബിജെപി നേതാക്കളായ അനുരാഗ് താക്കൂറിന്റേയും പര്‍വേഷ് വര്‍മയുടെയും വീഡിയോ താന്‍ കണ്ടെന്നും എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടിട്ടില്ലെന്നും ദിയോ കോടതിയില്‍ അറിയിച്ചു.
ഇതോടെ ഡല്‍ഹി പോലീസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ശരിക്കും ആശ്ചര്യപ്പെടുന്നു എന്നു പറഞ്ഞ ജസ്റ്റീസ് മുരളീധര്‍, കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണിക്കാന്‍ കോടതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതോടെ കപില്‍ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം കോടതിയില്‍ കേള്‍പ്പിച്ചു ...!!
കൂടാതെ, വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് BJP നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിര്‍ദേശിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോയില്‍ മിശ്രയ്ക്കൊപ്പമുള്ളത് എസ്ഐ ആണെന്ന് പോലീസ് കോടതിയില്‍ സമ്മതിച്ചു. ഒപ്പം അന്വേഷണ ഹര്‍ജികള്‍ക്ക് അടിയന്തര പ്രാധാന്യം ഇല്ലെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി തള്ളി. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം എന്നത് അടിയന്തരവിഷയമല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കലാപകാരികള്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചത് ജസ്റ്റീസ് എസ്. മുരളീധര്‍, ജസ്റ്റീസ് തല്‍വന്ത് സിംഗ് എന്നിവരുടെ ബെഞ്ചായിരുന്നു.