വിഷവാതകം ശ്വസിച്ച് മൂന്ന് മരണം; അവഗണനയില്‍ ശുചീകരണ തൊഴിലാളികള്‍
അഴുക്കുചാല്‍ ശുചീകരണ പ്രവൃത്തിയിലേര്‍പ്പെട്ട മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
ന്യൂഡല്‍ഹി: അഴുക്കുചാല്‍ ശുചീകരണ പ്രവൃത്തിയിലേര്‍പ്പെട്ട മൂന്ന് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
ജെ.എന്‍.ജെ ഇലക്ട്രോണിക് കമ്പനിയിലെ ഡ്രെയ്നേജ് വൃത്തിയാക്കുന്നതിന് നിയോഗിക്കപ്പെട്ട തൊഴിലാളികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വൃത്തിയാക്കുന്നതിനിടയില്‍ ഡ്രെയ്നേജില്‍ കുടുങ്ങിപ്പോയ ബിനീഷ് എന്ന തൊഴിലാളിയെ രക്ഷിക്കുന്നതിനാണ് മറ്റ് മൂന്നു പേരും കൂടി ഇറങ്ങിയത്. ബിനീഷിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞെങ്കിലും മറ്റ് മൂന്നുപേരും വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങി. നിന്ന, രാജ്കുമാര്‍, റിങ്കു എന്നീ തൊഴിലാളികളാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ബിനീഷിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷവാതകം ശ്വസിച്ച് ശുചീകരണത്തൊഴിലാളികള്‍ മരിക്കുന്നത് ആവര്‍ത്തിച്ചിട്ടും ഇവരുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ മരിയ്ക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാറില്ല. ഇപ്പോഴും പ്രാകൃതമായ രീതിയിലാണ് അഴുക്കുചാലുകളും ആള്‍നൂഴിയും മറ്റും വൃത്തിയാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷനു വേണ്ടി കോടിക്കണക്കിന് രൂപ വകയിരുത്തുമ്പോഴാണ് നിരവധി ശുചീകരണത്തൊഴിലാളികള്‍ ആധുനിക സംവിധാനങ്ങളുടെ അഭാവത്തില്‍ കൊല്ലപ്പെടുന്നത്.