അഗര്‍ത്തല: കോണ്‍ഗ്രസിനൊപ്പം ചേരുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന് സിപിഎമ്മിനുള്ളില്‍ ഒരു വിഭാഗം എപ്പോഴും സംശയിക്കുന്ന കാര്യമാണ്. പക്ഷേ, ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനൊപ്പവും ചേരാമെന്ന അടവുനയത്തിനൊപ്പമാണ് സിപിഎം നേതൃത്വം. എന്നാല്‍ ഈ അടവുനയങ്ങള്‍ ആത്യന്തികമായി സിപിഎമ്മിന് തിരിച്ചടിയാവുകയാണോ എന്ന ചോദ്യവും ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തോടെ ഉയരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ ബിജെപിയ്‌ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സിപിഎമ്മിന്റെ സ്ഥിതി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മോശമായി. കോണ്‍ഗ്രസ് ആണെങ്കില്‍ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു.


2018 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 16 സീറ്റുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. 43.2 ശതമാനം വോട്ടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ആയിരുന്നില്ല. വെറും 1.8 ശതമാനം ആയിരുന്നു വോട്ട് വിഹിതം. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം 24.52 ശതമാനം ആയി ഇടിഞ്ഞു. സീറ്റുകളുടെ എണ്ണം 16 ല്‍ നിന്ന് 11 ലേക്ക് കൂപ്പുകുത്തി. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 8.60 ശതമാനമായി ഉയരുകയും മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.


1993 മുതല്‍ 2013 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച് അധികാരത്തിലെത്തിയ പാര്‍ട്ടിയായിരുന്നു സിപിഎം. 2018 ല്‍ ആയിരുന്നു ബിജെപിയില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. 2013 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 49 സീറ്റുകളും 48.1 ശതമാനം വോട്ട് വിഹിതവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അന്ന് 36.5 ശതമാനം വോട്ട് വിഹിതത്തോടെ 10 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഒരു സീറ്റില്‍ പോലും വിജയിക്കാതെ 1.5 ശതമാനം വോട്ട് വിഹിതം മാത്രം ഉള്ള ഒരു അപ്രധാന പാര്‍ട്ടിയായിരുന്നു അന്ന് ബിജെപി. അഞ്ച് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 36 സീറ്റുകളും 43.59 ശതമാനം വോട്ട് വിഹിതവും നേടി ബിജെപി അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പൂജ്യത്തിലേക്കും വോട്ട് വിഹിതം 1.8 ലേക്കും ചുരുങ്ങി. കോണ്‍ഗ്രസ് വോട്ടുകള്‍ അന്ന് എങ്ങോട്ട് മറിഞ്ഞു എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.


2018 ലെ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. ബിജെപിയില്‍ നിന്നുള്ള ആക്രമണങ്ങള്‍ സ്ഥിരം സംഭവമായി. ഇതോടെയാണ് തിരഞ്ഞെടുപ്പില്‍ ധാരണയാകാം എന്ന തീരുമാനത്തില്‍ എത്തുന്നത്. സാധാരണ ഗതിയില്‍ ഈ ഒരു കൂട്ടായ്മ ഭരണം പിടിക്കാന്‍ മാത്രം ശക്തമായിരുന്നു. എന്നാല്‍ അസാധാരണമായ കാര്യങ്ങളായിരുന്നു ത്രിപുരയില്‍ സംഭവിച്ചത്.


ത്രിപുരയിലെ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനും ത്ര്ിപുര രാജകുടുംബത്തിലെ കിരീടാവകാശിയും ആയ പ്രദ്യോത് ദേബ് ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാര്‍ട്ടിയുടെ സാന്നിധ്യമാണ് ഈ തിരഞ്ഞെടുപ്പില്‍ ശരിക്കും നിര്‍ണായകമായത്. ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമാണ് നടന്നത്. സിപിഎം- കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട വോട്ടുകള്‍ വലിയ തോതില്‍ തിപ്ര മോത്തയ്ക്കാണ് കിട്ടിയത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് തിപ്ര മോത്ത പാര്‍ട്ടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷി ആവുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യവും ചില മണ്ഡലങ്ങളില്‍ സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ട്.


ജയിച്ചാലും തോറ്റാലും ത്രിപുരയില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് കേരളത്തിലെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. ത്രിപുരയില്‍ ബിജെപിയുടെ ഏകപക്ഷീയമായ വിജയത്തിന് തടയിടാന്‍ ഈ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ദേശീയ തലത്തില്‍ സിപിഎമ്മിന്റെ വിലയിരുത്തല്‍. സഖ്യമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, തിപ്ര മോത്ത തരംഗത്തില്‍ കൂടുതല്‍ വലിയ തിരിച്ചടി സിപിഎമ്മിനും കോണ്‍ഗ്രസിനും നേരിടേണ്ടി വന്നേനെ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.