Union Budget 2023: 157 പുതിയ നഴ്സിങ് കോളേജുകളും; അരിവാൾ രോഗ നിവാരണ പദ്ധതിയും; ആരോഗ്യമേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ
Union Budget 2023 : 2014 മുതൽ രാജ്യത്ത് ആരംഭിച്ച 157 മെഡിക്കൽ കോളേജുകൾക്ക് ഒപ്പം തന്നെ 157 പുതിയ നേഴ്‌സിങ് കോളേജുകൾ കൂടി ആരംഭിക്കും.
രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ ആരോഗ്യ മേഖലയിൽ നിരവധി പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമൃത കാലത്തെ ആദ്യത്തെ ബജറ്റ് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ 2023ലെ ബജറ്റിനെ വിശേഷിപ്പിച്ചത്. തിളക്കമുള്ള ഭാവിയിലേക്കാണ് രാജ്യം മുന്നേറുന്നത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞിരുന്നു. വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഹരിത ഊർജം തുടങ്ങി 7 കാര്യങ്ങൾക്കാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റാണിത് എന്നും ധനമന്ത്രി പറഞ്ഞിരുന്ന.
ആരോഗ്യമേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ
1) 2014 മുതൽ രാജ്യത്ത് ആരംഭിച്ച 157 മെഡിക്കൽ കോളേജുകൾക്ക് ഒപ്പം തന്നെ 157 പുതിയ നേഴ്‌സിങ് കോളേജുകൾ കൂടി ആരംഭിക്കും.
2) 102 ജനങ്ങൾക്കായി 220 കോടി കോവിഡ് വാക്സിൻ നൽകി
3) 2047 ഓടെ അരിവാൾ രോഗ നിവാരണത്തിനുള്ള ഒരു പ്രത്യേക പദ്ധതി ആരംഭിക്കും. രോഗബാധിത പ്രദേശങ്ങളിലെ 0-40 വയസ് പ്രായമുള്ള 7 കോടി ആളുകളെ നിരീക്ഷിക്കും. രോഗം തുടച്ചുനീക്കാനുള്ള ദൗത്യത്തിലാണ് സർക്കാരെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
4) ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ ഗവേഷണത്തിനായി ഒരു പുതിയ പദ്ധതി രൂപീകരിക്കുകയും ഗവേഷണത്തിൽ നിക്ഷേപം നടത്താൻ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5) തിരഞ്ഞെടുത്ത ഐസിഎംആർ ലാബുകളിലെ സൗകര്യങ്ങൾ പൊതു, സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളുടെ ഗവേഷണത്തിനായി ലഭ്യമാക്കും.
6) കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിൽ ഇന്റർ-ഡിസിപ്ലിനറി ഗവേഷണം നടത്തുന്നതിനും അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും പ്രശ്‌ന പരിഹാരങ്ങൾക്കും മുൻനിര വ്യവസായികൾ പങ്കാളികളാകും.