അയോധ്യ കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്
പാര്‍ട്ടിയ്ക്കുള്ളില്‍നിന്നുതന്നെ രാമ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമേറുന്ന അവസരത്തില്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയ്ക്കുള്ളില്‍നിന്നുതന്നെ രാമ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമേറുന്ന അവസരത്തില്‍
അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന അഭിപ്രായവുമായി കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിക്കുമ്പോഴാണ് കോടതിയെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി നിയമമന്ത്രി രംഗത്തുവരുന്നത്. അയോധ്യ കേസ് വേഗത്തിലാക്കണമെന്ന അപേക്ഷ സുപ്രീംകോടതി അടുത്തമാസം നാലിന് പരിഗണിക്കാനിരിക്കെയാണ് ഈ കേന്ദ്രസർക്കാർ നീക്കം
ശബരിമല സ്ത്രീ പ്രവേശനം, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ വേഗം വിധി തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. തന്‍റെ ചോദ്യം മന്ത്രിയെന്ന നിലയില്‍ അല്ല, ഒരു സാധാരണക്കാരന്‍റെ നിലയിലാണെന്നും മന്ത്രി പറഞ്ഞു. വേഗം തീർപ്പാക്കാനുള്ള കേസുകൾക്ക് ഫാസ്റ്റ്ട്രാക്ക് സംവിധാനം നിലവിലുണ്ട്. അയോധ്യ കേസിന് സമാന പരിഗണന നല്‍കണം. ശബരിമല കേസിൽ തുടർച്ചയായി വാദം കേട്ട് പെട്ടെന്ന് വിധി പ്രസ്താവിക്കാൻ കോടതിക്ക് കഴിഞ്ഞുവെങ്കിൽ എന്തുകൊണ്ട് അയോധ്യ കേസിലും ഇതായിക്കൂടാ എന്നും നിയമമന്ത്രി ചോദിച്ചു.
മറ്റു കേസുകളില്‍ പെട്ടെന്ന് തന്നെ വിധി പ്രസ്താവിക്കുന്ന കോടതി ഈ വിഷയത്തില്‍ എന്തുകൊണ്ട് കാലതാമസം കാട്ടുന്നുവെന്ന് മന്ത്രി ചോദിച്ചു. രാമ ജന്മഭൂമി കേസ് 70 വര്‍ഷത്തോളമായി അനിശ്ചിതാവസ്ഥയിലാണ്. കേസുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ 10 വര്‍ഷമായി തീര്‍പ്പായിട്ടില്ല. ഈ കേസില്‍ മാത്രമാണ് കാലതാമസമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോടതിയില്‍ വാദം തുടരുന്ന കേസിൽ മന്ത്രിയുടെ പ്രസ്താവന എല്ലാ പരിധിയും ലംഘിക്കുന്നതാണ് എന്ന് ഇടതുപാർട്ടികളും മുസ്ലിം വ്യക്തിനിയമബോർഡും പ്രതികരിച്ചു.
കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ പ്രസ്താവന നിർഭാഗ്യകരമെന്ന് പ്രതികരിച്ച മുസ്ലിം വ്യക്തി നിയമ ബോർഡ്, അയോധ്യ കേസിൽ കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതിയിൽ നിലവിലുള്ള കേസിൽ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സൂചിപ്പിച്ചു.
അതേസമയം, അയോധ്യ കേസില്‍ ജനുവരി 4ന് സുപ്രീംകോടതി വാദം കേള്‍ക്കും. സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.
കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബഞ്ച് തള്ളിയിരുന്നു. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനു മുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.