റോഹിങ്ക്യ പ്രശ്നം: വരുണ്‍ ഗാന്ധിയെ പിന്തുണച്ച് ദിഗ് വിജയ് സിംഗ്
റോഹിങ്ക്യൻ അഭയാർഥികളെ രാജ്യത്തു നിന്ന് പുറത്താക്കരുതെന്ന അഭിപ്രായവുമായി എത്തിയ ബിജെപി എംപി വരുണ്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി ദിഗ് വിജയ് സിംഗ്.
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ രാജ്യത്തു നിന്ന് പുറത്താക്കരുതെന്ന അഭിപ്രായവുമായി എത്തിയ ബിജെപി എംപി വരുണ്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി ദിഗ് വിജയ് സിംഗ്.
വരുണ്‍ ഗാന്ധി ബിജെപിയ്ക്ക് അനുയോജ്യനായ വ്യക്തിയല്ല എന്നും അദ്ദേഹത്തിന്റെ ഉള്ളില്‍ നെഹ്റു- ഗാന്ധി പാരമ്പര്യവും ചിന്താഗതിയുമാണ് ഉള്ളത് എന്നുമായിരുന്നു ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടത്.
രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തിലൂടെയാണ് വരുണ്‍ ഗാന്ധി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. മ്യാൻമാറിൽനിന്നു പുറത്താക്കിയ രോഹിംഗ്യൻ വംശജർക്ക് ഇന്ത്യ അഭയം നൽകണമെന്നും ഇന്ത്യ ഒരു അഭയാർഥി നയത്തിന് രൂപം നൽകണം എന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ അറിയിച്ചിരുന്നു.
അതേസമയം, പാർട്ടി എംപിയുടെ അഭിപ്രായം രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ രംഗത്തെത്തി. രാജ്യതാത്പര്യം ഉള്ളിലുള്ള ആർക്കും ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പ്രതികരിച്ചത്.
സർക്കാർ അതിന്റെ കടമ കൃത്യതയോടെ നിർവഹിക്കുന്നുണ്ട്. മോദി സർക്കാർ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ട്. ആരെങ്കിലും മാനുഷിക വശം ഉയർത്തിപ്പിടിക്കുകയാണെങ്കിൽ ഈ വിഷയം നന്നായി പഠിക്കുകയാണു വേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു
എന്നാല്‍ വരുണ്‍ ഗാന്ധിയുടെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തെത്തി.