മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
New Delhi: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. കോവിഡ്-19 മൂലമായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു .
ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . കോവിഡ് (COVID-19) ബാധിച്ചതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയായിരുന്നു. മകന് ഫൈസല്‍ പട്ടേലാണ് അദ്ദേഹത്തിന്‍റെ മരണം ട്വീറ്ററിലൂടെ അറിയിച്ചത് .
AICC ട്രഷററും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ് അഹമ്മദ് പട്ടേല്‍ (Ahmed Patel). ഗാന്ധി-നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം എന്നും അറിയപ്പെട്ടിരുന്നത്. UPA അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പട്ടേല്‍ 2018ലാണ് എഐസിസി ട്രഷററായി ചുമതലയേറ്റത്.
ഗുജറാത്തില്‍ നിന്ന് മൂന്നു തവണ ലോക്സഭാംഗമായി അഹമ്മദ് പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017 ഓഗസ്റ്റിലാണ് അവസാനമായി അദ്ദേഹം രാജ്യസഭാംഗമാകുന്നത്.
1976 ല്‍ ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും കൗണ്‍സിലറായിട്ടാണ് അഹമ്മദ് പട്ടേല്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
അഹമ്മദ് പട്ടേല്‍ ഓര്‍മ്മയാകുമ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെയാണ്. ഏറെ ഞെട്ടലോടെ മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പട്ടേലിന്‍റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനാകൂ.
കോണ്‍ഗ്രസിന്‍റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാര്‍ട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവായി ഉറച്ച സാന്നിധ്യമായി അഹമ്മദ് പട്ടേല്‍ ഉണ്ടായിരുന്നു.
Also read: COVID update: 5,420 പേര്‍ക്കുകൂടി കോവിഡ്, ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി
മൃദുഭാഷി, പക്ഷേ വാചാലന്‍, ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാട്, നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍, സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം, രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത, ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്, തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി, പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം, ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് പട്ടേല്‍.
ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നവംബര്‍15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.