ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. 10 മിനിട്ടു നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ വിശ്വാസവോട്ടു തേടാന്‍ തയാറാണെന്നും രാജി പിന്‍വലിക്കാനുള്ള തന്‍റെ തീരുമാനവും അറിയിച്ചതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

പി.എച്ച്. പാണ്ഡ്യനുള്‍പ്പെടെയുള്ള 10 അണ്ണാ ഡിഎംകെ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. 10 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജി പിന്‍വലിക്കാനുള്ള തീരുമാനം പനീര്‍സെല്‍വം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. 


നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാജി സമര്‍പ്പിച്ചത് എന്നതിനു തെളിവുകളും ഹാജരാക്കി. എം.എല്‍എമാര്‍ക്ക് ഭയമാണെന്നും അവര്‍ സുരക്ഷിതരല്ലെന്നും പനീര്‍സെല്‍വം ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറെ വീണ്ടും കാണാന്‍ പനീര്‍സെല്‍വം സമയം ചോദിച്ചിട്ടുണ്ട്.


തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നു കൂടിക്കാഴ്ച്ചയ്ക്കു ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോടു പറഞ്ഞു. നല്ലതുനടക്കുമെന്നാണ് പ്രതീക്ഷ. ധര്‍മം വിജയിക്കും. എന്നും അമ്മയുടെ പാത പിന്‍തുടര്‍ന്നുപോകും.  ഉചിതമായ തീരുമാനം ഗവര്‍ണര്‍ കൈക്കൊള്ളുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.


നിലവില്‍ അഞ്ച് എം.എല്‍.എമാരാണ് പനീര്‍ശെല്‍വത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ 25 നും 30 നും ഇടയില്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് പനീര്‍ശെല്‍വത്തിന്റെ അവകാശവാദം.