Weather update | തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; വടക്കേ ഇന്ത്യയിൽ അതിശൈത്യം തുടരുന്നു
ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ന്യൂഡൽഹി: തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഞായാറാഴ്ച ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയുണ്ടാകും. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, വടക്കേ ഇന്ത്യയിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജനുവരി മൂന്നിന് വ്യാപകമായ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. ജനുവരി 4, 5 തീയതികളിൽ ജമ്മു കശ്മീരിലും ജനുവരി അഞ്ചിന് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
ALSO READ: Tamil Nadu Rain | തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 3 മരണം, നാല് ജില്ലകളിൽ റെഡ് അലർട്ട്
ജനുവരി 5 മുതൽ 7 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, വടക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കും ജനുവരി 5 ന് പടിഞ്ഞാറൻ മധ്യപ്രദേശിൽ നേരിയ തോതിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ജനുവരി അഞ്ചിന് പഞ്ചാബിൽ മഞ്ഞ് വീഴ്ചയുണ്ടാകും.
ഡൽഹിയിൽ കുറഞ്ഞ താപനില 2 ഡിഗ്രിയിലേക്ക് താഴ്ന്നേക്കും. കൂടാതെ, ജനുവരി 5, 6 തീയതികളിൽ ഡൽഹിയിൽ മഴയുണ്ടാകാനും സാധ്യതയുണ്ട്. ഉത്തർ പ്രദേശിലെ വാരണാസി, അയോധ്യ, പ്രയാഗ്‌രാജ്, കാൺപൂർ, മൊറാദാബാദ് എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഞായറാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞും തണുത്ത കാലാവസ്ഥയുമാണ്.
രാജസ്ഥാനിലും ശൈത്യം തുടരുകയാണ്. കരൗളിയിൽ 3 ഡിഗ്രി സെൽഷ്യസും സിക്കറിൽ 3.5, അൽവാറിൽ 4.5, പിലാനിയിൽ 4.6, നാഗൗറിൽ 4.8, ഗംഗാനഗറിൽ 5.3, വനസ്ഥലിയിൽ 5.8 എന്നിങ്ങനെയാണ് കുറഞ്ഞ താപനില. പഞ്ചാബിലെയും ഹരിയാനയിലെയും മിക്ക സ്ഥലങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. പഞ്ചാബിലെ ബത്തിൻഡയിലാണ് കൂടുതൽ തണുപ്പുണ്ടായത്. ഹരിയാനയിലെ ഹിസാറിൽ 2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...