Miss India 2023: മിസ് ഇന്ത്യ കിരീടം രാജസ്ഥാൻ സുന്ദരിക്ക്; ആരാണ് നന്ദിനി ഗുപ്ത?
Miss India 2023: ഡൽഹി സ്വദേശിനിയാണ് മിസ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പ് ആയത്. രണ്ടാം റണ്ണറപ്പ് മണിപ്പൂർ സ്വദേശിനിയാണ്.
ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 കിരീടം രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്തയ്ക്ക്. കഴിഞ്ഞ രാത്രി നടന്ന സൗന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്ത മിസ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ഇതോടെ നന്ദിനി ഗുപ്ത യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഡൽഹിയുടെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗണോജം സ്‌ട്രേല ലുവാങ് രണ്ടാം റണ്ണറപ്പുമായി.
എഞ്ചിനീയറിംഗ്, മെഡിക്കൽ അഭിലാഷികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ കോച്ചിംഗ് ഹബ്ബുകളിലൊന്നായ കോട്ടയിൽ നിന്നാണ് 19 കാരിയായ നന്ദിനി വരുന്നത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയിട്ടുണ്ട് നന്ദിനി. തന്‍റെ ജീവിതത്തിൽ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യന്‍ രത്തന്‍ ടാറ്റയാണ് എന്നാണ് നന്ദിനി പറയുന്നത്. 'എന്നും ലാളിത്യത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത, തന്‍റെ സമ്പാദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ രത്തൻ ടാറ്റയാണ് തന്‍റെ മാനസഗുരു' എന്നാണ് നന്ദിനി പറഞ്ഞത്. ബ്യൂട്ടി ലോകത്തെ തന്റെ പ്രചോദനം നടി പ്രിയങ്ക ചോപ്രയാണെന്നും മിസ് ഇന്ത്യ ജേതാവ് പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യമത്സരമായ ഫെമിന മിസ് ഇന്ത്യ വേൾഡിന്‍റെ 59-ാം പതിപ്പാണ് കഴിഞ്ഞ രാത്രി നടന്നത്. ചടങ്ങിൽ കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവരുടെ നൃത്ത പ്രകടനങ്ങൾ ഉണ്ടായിരുന്നു. മുൻ ജേതാക്കളായ സിനി ഷെട്ടി, റൂബൽ ഷെഖാവത്ത്, ഷിനതാ ചൗഹാൻ, മാനസ വാരണാസി, മണിക ഷിയോകാന്ദ്, മാന്യ സിംഗ്, സുമൻ റാവു, ശിവാനി ജാദവ് എന്നിവർ ചേർന്ന് നടത്തിയ പ്രകടനവും ഏറെ ശ്രദ്ധ നേടി. മനീഷ് പോളും, ഭൂമി പെഡ്‌നേക്കറുമായിരുന്നു പരിപാടിയുടെ അവതാരകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...