ന്യൂഡൽഹി: കുഞ്ഞിന് ജന്മം നല്‍കാനും ഗർഭഛിദ്രം നടത്താനും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പരിപൂര്‍ണ്ണ സ്വാന്തന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി.  അതിന് ഭര്‍ത്താവിന്‍റെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈകോടതി വിധി അംഗീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്തിയ സ്ത്രീയില്‍ നിന്ന്‍ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. 'ഭാര്യയും, ഭര്‍ത്താവും അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഭ്രൂണത്തെ നശിപ്പിക്കാനുള്ള ഭാര്യയുടെ തീരുമാനം ശരിയാണ്. അതിനെ തടുക്കാന്‍ ഭര്‍ത്താവിന് അവകാശമില്ല. അവര്‍ അമ്മയും പ്രായപൂര്‍ത്തിയായ സ്ത്രീയുമാണ്. അവര്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അതിന്‍റെ പേരില്‍ എങ്ങനെ കേസ് എടുക്കാനാകും? മാനസിക പ്രശ്നമുള്ള സ്ത്രീകള്‍ക്ക് പോലും ഗർഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 


1994 ലാണ് പരാതിക്കാരായ ദമ്പതികള്‍ വിവാഹിതരായത്. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ക്കൊരു കുഞ്ഞ് ജനിച്ചു. എന്നാല്‍, കുടുംബപ്രശ്നത്തെ തുടര്‍ന്ന്‍ ഇരുവരും അകന്നതോടെ ഭാര്യയും മകനും 1999 മുതൽ ചണ്ഡീഗഡിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഡിലെ ലോക് അദാലത്ത് ദമ്പതിമാരെ പാനിപത്തിലുള്ള ഭർത്താവിന്‍റെ വീട്ടിൽ ഒരുമിച്ചു കഴിയാൻ പ്രേരിപ്പിക്കുകയും തുടര്‍ന്ന്‍ 2002 നവംബറില്‍ ഇരുവരും ഒരുമിച്ചു താമസിക്കുകയും ചെയ്തു.


2003 ജനുവരിയിൽ സ്ത്രീ വീണ്ടും ഗർഭിണിയായി. എന്നാല്‍, ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്ത്രീ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് അനുമതി നല്‍കിയില്ല. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ അവരെ ചണ്ഡിഗഢിലേക്ക് കൊണ്ടുപോയി.


ഗർഭച്ഛിദ്രത്തിനുള്ള ആശുപത്രി രേഖകളിൽ ഒപ്പുവെക്കാൻ ഭർത്താവ് വിസമ്മതിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് ഗർഭഛിദ്രം നടത്തി. ഇതേതുടര്‍ന്ന്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും ഡോക്ടർമാർക്കുമെതിരെ കോടതിയില്‍ സിവിൽ കേസ് ഫയൽ ചെയ്തത്.