ന്യുഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അരവിന്ദ് കെജ്രിവാള്‍. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്രിവാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തി തിരുത്താനുള്ള സമയം അതിക്രമിച്ചുവെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.


 



 


പാര്‍ട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷ വിമർശനമുയർന്ന സാഹചര്യത്തിലാണ് കേജരിവാളിന്‍റെ തുറന്നുപറച്ചിൽ. ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനിലെ 181 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 വാര്‍ഡുകള്‍ മാത്രമേ എഎപിക്ക് നേടാനായിരുന്നുള്ളൂ. അതോടെ പാർട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകരടക്കം രംഗത്ത് വന്നു. ആകെ 272 വാര്‍ഡുകളാണ് ഡല്‍ഹി കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ളത്.