എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്നും  മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92,000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു.  കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു.


ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ  നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്.


സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന 130 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി ‌വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.