തലശ്ശേരി: ഒരു ചെറിയ സംസ്ഥാനമാണെങ്കിലും കായിക രംഗത്ത് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ശേഷിയുള്ള സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇപ്പോഴത്തെ കേരളം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ നിന്ന് വലിയ താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നമ്മുടെ കായിക പാരമ്പര്യത്തിന്റെ തെളിവാണ് അത്. അത്തരത്തില്‍ ഒരു കായിക സംസ്‌കാരം വളര്‍ന്നുവന്നതിന് പിന്നില്‍ അറിയപ്പെടാത്ത പലരുടേയും വിയര്‍പ്പും ജീവനും കൂടിയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അതേ പറ്റിയല്ല ഇപ്പോള്‍ പറയുന്നത്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരളത്തിലെ ഒരു സ്റ്റേഡിയത്തെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാല്‍ 222 വര്‍ഷം പഴക്കമുള്ള സ്റ്റേഡിയം! എവിടെയാണെന്നല്ലേ... കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍. പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആണ് സ്റ്റേഡിയത്തിന്റെ കാലപ്പഴക്കത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ, ശരിക്കും ചരിത്രം ഉറങ്ങുന്ന സ്റ്റേഡിയം എന്ന് വിആര്‍ കൃഷ്ണയ്യരുടെ പേരിലുള്ള ഈ സ്റ്റേഡിയത്തെ വിശേഷിപ്പിക്കാം. 


Read Also: ഭാര്യ അന്‍റോനെല റോക്കുസ്സോയുമായുള്ള ലയണല്‍ മെസിയുടെ പ്രണയകഥ..!!


തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് റോഡില്‍ ആണ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. മൊത്തം 6.2 ഏക്കര്‍ വിസ്തൃതിയുണ്ട് ഈ സ്‌റ്റേഡിയത്തിന്. കുറച്ച് കാലമായി കാര്യമായ മത്സരങ്ങളൊന്നും നടക്കാതെ കിടക്കുകയായിരുന്നു സ്‌റ്റേഡിയം. ഇപ്പോള്‍ നവീകരണത്തിന് ശേഷം കായിക പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. വടക്കന്‍ കേരളത്തിലേക്ക് കായിക മാമാങ്കങ്ങളുടെ വരവ് കാത്തിരിക്കുകയാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍.


കിഫ്ബി ധനസഹായത്തോടെയാണ് സ്‌റ്റേഡിയത്തിന്റെ നവീകരണം നടന്നത്. 13 കോടി രൂപ ആയിരുന്നു ഇതിനായി അനുവദിച്ചത്. വന്‍ സന്നാഹങ്ങളാണ് ഇപ്പോള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. 400 മീറ്ററിന്റെ പുത്തന്‍ സിന്തറ്റിക് ട്രാക്ക് എട്ട് ലൈനോട് കൂടിയതാണ്. ഇതിന് പുറകെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ഫുഡ്‌ബോള്‍ കോര്‍ട്ടും എല്ലാം ഒരുക്കിയിട്ടുണ്ട്. ഗാലറിയുടെ കപ്പാസറ്റി 8000 ആണ്. കായിക താരങ്ങള്‍ക്ക് വസ്ത്രം മാറുന്നതിനായി 4 മുറികളുണ്ട്. ഇതല്ലാതെ കളിക്കാര്‍ക്കായി പ്രത്യേകം മുറികള്‍ വേറേയും ഉണ്ട്. പാര്‍ട്ടി ഹോളും മീറ്റിങ് ഹോളുകളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങള്‍ നടക്കുമ്പോള്‍ എത്തുന്ന കാണികള്‍ക്കായി ശുചിമുറികളും ഉണ്ട്. ഇത് കൂടാതെ വിഐപി ലോഞ്ചും മൂഡിയ റൂമും സ്‌റ്റേഡിയത്തിലുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്കായി 5 കടമുറികളും ഒരുക്കിയിട്ടുണ്ട്.


Read Also: ഫുട്ബോൾ ലോകകപ്പ് അവലോകനം നടത്തി തൃശൂരിൽ ഒന്നാം ക്ലാസുകാരൻ വൈറൽ


സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ്. ഇതിനെതിരെ പ്രാദേശികമായി ചില പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. തലശ്ശേരി നഗരസഭയ്ക്ക് നടത്തിപ്പ് ചുമതല നല്‍കണം എന്നാണ് ആവശ്യം.


എന്തായാലും നവീകരിച്ച സ്റ്റേഡിയം നവംബര്‍ 19 ന് തുറക്കും. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. സ്ഥലം എംഎല്‍എയും സ്പീക്കറും ആയ എഎന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തില്‍ കായിക പ്രേമികള്‍ക്ക് മറ്റൊരു വിരുന്നുകൂടി ഒരുക്കുന്നുണ്ട്- ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദര്‍ശന ഫുട്‌ബോള്‍ മത്സരമാണത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.