കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയത് ഒറ്റകുത്തിനെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. അഭിമന്യൂവിന്‍റെ ശരീരത്തില്‍ 4 സെ.മീ വീതിയിലും 7 സെ.മീ നീളത്തിലും ആഴത്തിലുള്ള മുറിവുണ്ടായതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുതരത്തിലും രക്ഷപ്പെടുത്താനാവാത്ത മുറിവാണിതെന്നും വാരിയെല്ല് തകര്‍ത്ത് കത്തി ഹൃദയത്തിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
 
അതേസമയം അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്പേര്‍ അറസ്റ്റിലായിരുന്നു. 


എസ്ഡിപിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.


മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.