നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഔദ്യോഗികമായി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കഴിഞ്ഞ മാസം 22 നായിരുന്നു ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം പൊലീസ് അങ്കമാലി മജിസ്ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിച്ചത്.
തുടര്‍ന്ന് 1450 പേജുള്ള കുറ്റപത്രത്തിലെയും അനുബന്ധ രേഖകളിലെയും ചില സാങ്കേതിക പിഴവുകള്‍ പരിഹരിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ പരിഹരിച്ച് കുറ്റപത്രം ഇന്നലെ കോടതിക്ക് മുമ്പില്‍ പൊലീസ് സമര്‍പ്പിച്ചു. തുടര്‍ന്ന് ഇന്ന് കോടതി ഒദ്യോഗികമായി കുറ്റപത്രം സ്വീകരിച്ചു. കുറ്റപത്രത്തില്‍ പ്രതികളായിട്ടുള്ള 12 പേര്‍ക്കും കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സിഡിയിലാക്കി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കുറ്റപത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ടു ദിലീപ് നലകിയ ഹര്‍ജി നാളെ കോടതി പരിശോധിക്കും. കേസില്‍ ദിലീപ് ഉള്‍പ്പടെ 14 പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. ദിലീപിന്‍റെ മുന്‍ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 50 ഓളം പേര്‍ സിനിമ മേഖലയില്‍ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.