തിരുവനന്തപുരം: എന്നെ ക്രൂരമായി മർദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ എന്നിട്ട് ആലോചിക്കാം ഒത്തുതീര്‍പ്പിന്‍റെ കാര്യം എന്ന് ഗവാസ്ക്കര്‍. അതല്ലാതെ എന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന് എ.ഡി.ജി.പി. സുധേഷ് കുമാറിന്‍റെ മകളുടെ മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ നിന്നും ശ്രമം നടക്കുന്നതായി പലരും പറഞ്ഞുവെന്നും. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. മാത്രമല്ല എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർ പറഞ്ഞു.


പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസമാണ് ഗവാസ്കർ പേരൂർക്കട സായുധക്യാമ്പ് വളപ്പിലെ പോലീസ് ക്വാർട്ടേഴ്സിലെത്തിയത്.സുധേഷ് കുമാറിന്‍റെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്‍റെ അറിവോടെയാണെന്ന്‌ സംശയമുണ്ട്. സംഭവം നടന്നതിന്‍റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞവിവരം എ.ഡി.ജി.പി.യെ അറിയിച്ചിരുന്നു. എ.ഡി.ജി.പി.യുടെ ഡ്രൈവർ ചുമതലയിൽനിന്ന് മാറ്റിത്തരണമെന്നും അഭ്യർഥിച്ചു. ഇത് അനിഷ്ടത്തിന്‌ കാരണമായിട്ടുണ്ടാകാം.


മകളെ കായികപരിശീലനത്തിന്‌ കൊണ്ടുപോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദേശിച്ചു.എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പോലീസിന്‍റെതന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദേശിച്ചു. അതിൽ പോലീസിന്‍റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായിപ്പോലും ഉലഞ്ഞാൽ എ.ഡി.ജി.പി. ചീത്തവിളിക്കും. മറ്റൊരുവാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്‍റെ പേരിലാണ് മുൻഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കർ പറയുന്നു.


മാത്രമല്ല, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എല്ലാ ദിവസവും വ്യായാമംചെയ്യാനെത്തുന്ന എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ മകൾക്ക് കായികപരിശീലനം നൽകുന്നത് പോലീസിൽത്തന്നെയുള്ള വനിതാ പരിശീലകയാണെന്ന് ഗവാസ്കർ ആരോപിച്ചു. ഇത് നിയമവിരുദ്ധമാണ്. സ്റ്റേഡിയത്തിൽ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എ.ഡി.ജി.പി.യുടെ മകൾ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. അവിടെയും പോലീസിന്‍റെ വനിതാ പരിശീലകയെത്തിയിരുന്നു.


പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പോലീസ് ഡ്രൈവറെ മുമ്പ് മർദിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിപറയാൻ അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചതായും ഗവാസ്കർ പറഞ്ഞു.