Airport Privatization: 50 വര്‍ഷത്തേയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്.... !!
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്...
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്...
50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് (Adani Group) ഏറ്റെടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ വിയോജിപ്പിനെ മറികടന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളത്തിന്‍റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക.
രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിംഗും പറഞ്ഞു. ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചിരുന്നു.
തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗോഹട്ടി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്...!!