AKG Center Bomb Attack : എകെജി സെന്ററിലേക്ക് നടന്ന ബോംബെറിൽ പ്രതികളെ തിരഞ്ഞ് പോലീസ് ആശയക്കുഴപ്പത്തിൽ. സ്ഫോടക വസ്തു എറിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് പ്രതികളെന്ന ആദ്യ നിഗമനത്തിൽ നിന്ന് പൊലീസ് പിന്നോട്ട് പോയി. രണ്ടാം പ്രതിയായി കണ്ടെത്തിയ സ്കൂട്ടർ യാത്രക്കാരന് അക്രമത്തിൽ പങ്കില്ലെന്ന് തെളിഞ്ഞു. അക്രമം നടക്കുന്നതിന് മുൻപ് രണ്ട് തവണ സ്കൂട്ടർ ഇവിടേക്ക് കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, ഇതുവഴി കടന്നുപോയത് നഗരത്തിൽ തട്ടുകട നടത്തുന്നയാളാണ് എന്നാണ് പോലീസ് പറയുന്നത്. അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട റിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചും പൊലീസ് തടിയൂരിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്ന മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പലരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തുവെങ്കിലും കൃത്യമായ പ്രതികളിലേക്ക് അന്വേഷണസംഘത്തിന് ഇനിയും എത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് സർവത്ര ആശയക്കുഴപ്പമുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.


ALSO READ : Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല


നേരത്തെ കല്ലെറിയുമെന്ന് പറഞ്ഞ് ഫേസ്ബുക്ക്  പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പോലീസ് വിശദമായി ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തുവെങ്കിലും ഇയാളാണ് അക്രമം നടത്തിയതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ റിജുവിന് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച ശേഷമാണ് ഇയാളെ വിട്ടയച്ചത്. കന്റോണ്‍മെന്റ് പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.


റിജു കാട്ടായിക്കോണത്ത് തന്നെ ഉണ്ടായിരുന്നു. എകെജി സെന്ററിന് ഭാഗത്തായി ഇയാൾ എത്തിയിരുന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഇക്കാര്യത്തിലുള്ള പോലീസിന്റെ വാദവും പൊളിഞ്ഞു. ഇയാൾ എത്തിയെന്ന് പറയുന്ന വാഹനവും യഥാർഥ പ്രതി സഞ്ചരിച്ച വാഹനവും വ്യത്യസ്തമാണെന്നും കണ്ടെത്തി. എന്നാൽ, കലാപാഹ്വാനം നടത്തുകയും നാട്ടിൽ ക്രമസമാധാന പാലനം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് റിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചാണ് പോലീസ് തടിയൂരിയത്. കൂടാതെ ജാമ്യമില്ല വകുപ്പുകൾ ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.


ALSO READ : AKG Centre attack: എ.കെ.ജി സെന്‍ററിന് കല്ലെറിയും; ഫേസ്ബുക്കിൽ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍


അക്രമി സഞ്ചരിച്ചത് ചുവന്ന സ്കൂട്ടറിൽ അല്ലെന്നാണ് കണ്ടെത്തൽ. അക്രമത്തിനു മുമ്പ് രണ്ട് തവണ എകെജി സെൻററിന് മുന്നിലൂടെ ഈ സ്കൂട്ടർ കടന്നുപോയിരുന്നു. ഇത് നഗരത്തിൽ തട്ടുകട നടത്തുന്ന ആളാണെന്ന് പൊലീസ് പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് താൽക്കാലികമായി അവസാനിപ്പിച്ച് നേരിട്ടുള്ള അന്വേഷണത്തിലേക്ക് കടക്കുകയാണെന്നാണ് വിവരം.


അക്രമം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും യഥാർഥ പ്രതിയിലേക്ക് എത്താൻ കഴിയാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. അക്രമ പരമ്പരക്ക് ശേഷം പ്രതി പോകാൻ സാധ്യതയുള്ള ലോ കോളേജ്, കണ്ണമൂല, കുന്നുകുഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.


ALSO READ : എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി


നാളെ ജൂലൈ നാലിന് അവധിക്ക് ശേഷം വീണ്ടും നിയമസഭാ സമ്മേളനം പുനഃരാരംഭിക്കാനിരിക്കെ പ്രതികളെ പിടികൂടാനുള്ള രാഷ്ട്രീയസമ്മർദ്ദവും പോലീസിന് നേർക്കുണ്ട്. യഥാർഥ പ്രതിയെ പിടികൂടി മുഖം രക്ഷിക്കാനുള്ള ശ്രമം ഒരു വശത്ത് പോലീസ് നടത്തുമ്പോൾ കൃത്യമായ തെളിവുകളിലൂടെ പ്രതിയിലേക്ക് എത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് മുന്നിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 


ഡിസിആർബി അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ ദിനിലിന്റെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ വിവിധ ഏ.സിമാർ, സിഐമാർ, എസ്ഐമാർ, സൈബർ ഫോറൻസിക് വിദഗ്ധർ,  തുടങ്ങിയവരുമുണ്ട്. നഗരത്തിൽ പ്രതികൾ സഞ്ചരിക്കാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വിവിധ സ്ക്വാഡുകളായി തിരിഞ്ഞു കൊണ്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എഡിജിപി വിജയ് സാഖറെ നേരിട്ട് മേൽനോട്ടം വഹിക്കുന്ന കേസ് കൂടിയാണിത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സപർജൻകുമാർ, ഡിസിപി, വിവിധ ഏസിപിമാർ എന്നിവരും അന്വേഷണ പുരോഗതികൾ വിലയിരുത്തുന്നുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.