പറവൂര്‍: ഒരബദ്ധം നേടിക്കൊടുത്ത ജാള്യതയില്‍ നിന്നും പുറത്തുകടക്കും മുന്‍പേ ഇതാ അടുത്തത് വന്നുകഴിഞ്ഞു... 


COMMERCIAL BREAK
SCROLL TO CONTINUE READING

അബദ്ധത്തില്‍ ചാടുക എന്നത് പതിവാക്കിയിരിയ്ക്കുകയാണ് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നതിനെ നിസ്സാരമെന്ന് കരുതി തള്ളാനാവില്ല. കാരണം കണ്ണന്താനം വോട്ട് ചോദിച്ചെത്തിയത് കോടതി മുറിയിലാണ്. എന്തായാലും സ്ഥാനാര്‍ഥിയുടെ പ്രവൃത്തി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്.


പറവൂരിലെത്തിയ കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയതാണ് വിവാദമായി മാറിയത്. കോടതി മുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. പറവൂര്‍ ബാര്‍ അസോസിയേഷന്‍ പരിസരത്ത് വോട്ട് തേടി എത്തിയ കണ്ണന്താനം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു.


അതേസമയം, കഴിഞ്ഞ ദിവസമാണ് തന്‍റെ മണ്ഡലമെന്ന് കരുതി എറണാകുളത്തിന് പകരം ചാലക്കുടി മണ്ഡലത്തില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥനയുമായി ഇറങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ദിവസം തന്നെ അമളിയോടെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ തുടക്കം. പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം അന്ന് മടങ്ങിയത്.