ഇടുക്കി: അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ. വിഷയത്തിൽ വിദഗ്ധ സമിതി ഇന്ന് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് നിർണായകമാകും. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതിയിൽ അഭിപ്രായമുള്ളതായാണ് സൂചന. ഇതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ പ്രതിനിധികൾ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ കഴിഞ്ഞ ദിവസം ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയിരുന്നു. സമിതി ജന വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 


ALSO READ: തെക്കൻ കേരളത്തിൽ വേനൽ മഴയിൽ വ്യാപക നാശ നഷ്ടം; നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും


റിപ്പോർട്ട് അനുകൂലമാകുമെന്നും അപകടകാരിയായ അരികൊമ്പനെ പിടിച്ചുകെട്ടാൻ നടപടി ഉണ്ടാകുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകൾ  സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമര പന്തലിലേയ്ക്ക് എത്തുന്നുണ്ട്. ചിന്നക്കനാലിലെ കുങ്കി ആന താവളത്തിലേയ്ക്ക് തുടർച്ചയായി അരികൊമ്പൻ കടന്നു കയറാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ കുങ്കി ആനത്താവളം സമീപ മേഖലയിലേയ്ക്ക് മാറ്റുന്ന കാര്യത്തിലും ആലോചനയുണ്ട്. ആനയിറങ്കൽ ജലാശയത്തോട് ചേർന്ന് കുങ്കി ആനകളെ കുളിപ്പിക്കുന്നതിനും താമസിപ്പിക്കുന്നതിനും അനുയോജ്യമായ സ്ഥലം ലഭ്യമാകുമോ എന്നതിനെ അടിസ്ഥാനമാക്കിയാവും തീരുമാനം.


അതേസമയം, അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് മറ്റേതെങ്കിലും കാട്ടിൽ തുറന്നുവിടുന്നതിൽ കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അങ്ങനെയെങ്കിൽ ആനയെ ഏത് കാട്ടിൽ തുറന്നുവിടുമെന്നതാണ് വനം വകുപ്പിനെ കുഴപ്പിക്കുന്നത്. അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഇഷ്ടപ്പെടുന്ന അരിക്കൊമ്പനെ മറ്റ് ഏതെങ്കിലും വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റിയാലും വീണ്ടും ജനവാസ മേഖലകൾ തേടി എത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. 


ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലാണ് നിലവിൽ അരിക്കൊമ്പൻ കേസ് ഉള്ളത്. ഹർജി ഈ ബെഞ്ചിൽ നിന്ന് മാറ്റി ചീഫ് ജസ്റ്റിസ് വാദം കേൾക്കണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.  ആനയെ പിടികൂടണ്ട എന്ന ഹൈക്കോടതി നിലപാടിനെതിരെ സിങ്കുകണ്ടത്തും പൂപ്പാറയിലും രാപ്പകൽ സമരം തുടരുകയാണ്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ  ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് ശക്തമായി തുടരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.