Arvind Kejriwal: കെജ്രിവാളിന് ജാമ്യം; കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് മുഖ്യമന്ത്രി, സംഘപരിവാറിൻ്റെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ്
Arvind Kejriwal Interim Bail: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ സുപ്രീം കോടതി തീരുമാനം ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറുമെന്നും പിണറായി വിജയൻ പറഞ്ഞു.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തെരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദി സർക്കാരിന് ഭയമാണ്.
ALSO READ: അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം, എഎപി ആസ്ഥാനത്ത് ആഘോഷം
പകരം വർഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതം ഏൽപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിയുടെ നില പരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപ നാളുകളിൽ പുറത്തുവരുന്നത്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇഡിയെ പോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നത്. അരവിന്ദ് കെജ്രിവാളിന് ജയിൽ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിൻ്റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിൻ്റെ വിജയമാണ്.
ALSO READ: ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷത്തെ ബിരുദ കോഴ്സ്
ഇന്ത്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതാണ് സുപ്രീം കോടതി വിധി. കെജരിവാൾ പ്രചരണ രംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യ ത്തിൻ്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിൻ്റെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ബിജെപിയേയും സംഘപരിവാർ ശക്തികളേയും കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതൽ കരുത്താർജിക്കുമ്പോൾ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പിൻ ജനം കനത്ത തിരിച്ചടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.