കോഴിക്കോട്​: നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ അടച്ചിട്ട എടിഎമ്മുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍  മിക്ക എടിഎമ്മുകളിലും പണം ലഭ്യമല്ല. . ബാങ്കുകൾ നേരിട്ട്​ പണം നിറക്കുന്ന എ.ടി.എമ്മുകൾ മാത്രമാണ്​ പ്രവർത്തിക്കുന്നത്​. പണം നിക്ഷേപിക്കുന്നതിനും എടുക്കുന്നതിനുമുള്ള ബുദ്ധിമുട്ട് തുടരുകയാണ്. പണം നിറക്കുന്നതിന്​ പുറം കരാർ നൽകിയിട്ടുള്ള എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പ്രവര്‍ത്തനം നിലച്ചിരുന്ന എ.ടി.എമ്മുകള്‍ ഇന്നുമുതലാണ് ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഭൂരിഭാഗം എടിഎമ്മുകള്‍ക്ക് മുന്നിലും വലിയ ക്യൂവാണ് രാവിലെ മുതല്‍ കാണാന്‍ കഴിഞ്ഞത്.


എ.ടി.എമ്മുകൾ തുറന്നതിനെ തുടർന്ന്​ രാവിലെ തന്നെ ജനം തുക പിന്‍വലിക്കാന്‍ ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കുമെത്തി. എന്നാൽ ഭൂരിഭാഗം പേർക്കും എ.ടി.എമ്മുകളിൽ നിന്ന്​ പണം പിൻവലിക്കാൻ കഴിഞ്ഞില്ല. 100 രൂപ,50 രൂപ നോട്ടുകളുടെ ക്ഷാമവും 2000 രൂപ വെക്കാനുള്ള സാങ്കേതിക വിദ്യ എടിഎമ്മുകളില്‍ ഇല്ലാത്തതുമാണ് പ്രശ്നത്തിന് കാരണം. ഇതു സംബന്ധിച്ച് വ്യാപക പരാതികളാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത്.


നവംബർ 18വരെ 2000 രൂപ മാത്രമേ എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കൂ. 19 മുതൽ ഡിസംബർ 30 വരെ 4000 രൂപയും പിൻവലിക്കാം. ആദ്യം 100രൂപ, 50രൂപ നോട്ടുകൾ മാത്രമാണ്​ ലഭിക്കുക. അളവിനും വലുപ്പത്തിനുമൊത്ത പ്രത്യേക സോഫ്​റ്റ്​വെയറുകൾ ക്രമീകരിക്കേണ്ടതിനാൽ 2000 രൂപയുടെ നോട്ടുകൾ എ.ടി.എം വഴി ലഭിക്കാൻ കുറച്ചു സമയമെടുക്കും.


തിരുവനന്തപുരത്ത് രാവിലെ ചില എ.ടി.എമ്മുകള്‍ പ്രവർത്തിച്ച്​ തുടങ്ങിയെങ്കിലും വളരെ​വേഗം പണം തീർന്നു.സ്റ്റാച്യൂ ജംഗ്ഷനിലെ എ.ടി.എം മാത്രമാണ് ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത്. ഇവിടെ എ.ടി.എം തുറന്നപ്പോള്‍ നാല് ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ലക്ഷം രൂപ നിറയ്ക്കുകയും ചെയ്തിട്ടുണ്ട്.


കൊച്ചിയില്‍ ചില പുതുതലമുറ ബാങ്കുകളുടെ എ.ടി.എം അല്ലാതെ മറ്റൊന്നും തുറന്നിട്ടില്ല. അടഞ്ഞു കിടക്കുന്ന എ.ടി.എമ്മുകൾ ഉച്ചയോടെ തുറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതുപോലെയാണ് മിക്ക സ്ഥലങ്ങളിലെ സ്ഥിതി. വരും ദിവസങ്ങളില്‍ കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയില്‍ എടിഎം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.  മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുമ്പോള്‍ ചുമത്തിയിരുന്ന സര്‍ചാര്‍ജ് എടുത്തുകളഞ്ഞു.