Theatre: കുഞ്ഞ് കരഞ്ഞാൽ തിയേറ്ററിൽ നിന്നിറങ്ങണ്ട, ആരുടെയും കലിപ്പും കാണണ്ട... പാലൂട്ടാനും സൌകര്യം; ഇത് കേരള മോഡൽ
Baby friendly theatre: സിനിമാ തിയേറ്ററിനുള്ളിൽ സജീകരിച്ചിരിക്കുന്ന മുറിയ്ക്കുള്ളിൽ ചെറിയ കുട്ടികള്‍ക്ക് ഒപ്പം ഇരുന്ന് സിനിമ കാണാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ തിയേറ്ററുകളായി തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള. എന്താണാണ് ശിശു സൗഹൃദ തിയേറ്റർ എന്നാകും പലരും ചിന്തിക്കുന്നത്? പലപ്പോഴും തിയേറ്ററുകളിൽ സിനിമാ ആസ്വാദകർ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സിനിമ കാണുന്നതിനിടയിൽ കുട്ടികൾ കരയുന്നത്. ഇവർക്ക് വീട്ടിൽ തന്നെ ഇരുന്നുകൂടെ എന്തിനാണ് ചെറിയ കുട്ടികളെയും കൊണ്ട് സിനിമ കാണാൻ എത്തുന്നത് എന്നൊക്കെ പലപ്പോഴും തെല്ലൊരു അസ്വസ്ഥതയോടെ ഭൂരിഭാഗം പേരും ചിന്തിച്ചിരിക്കും. എന്നാൽ ചെറിയ കുഞ്ഞുങ്ങളുള്ള രക്ഷിതാക്കളുടെ സിനിമ കാണാനുള്ള അവകാശത്തിന് വിലങ്ങ് തടിയാകുന്ന ചിന്തയുമാണിത്. ഇതിന് ഒരു പരാഹാരം കാണണം എന്ന ചിന്തയിൽ നിന്നാണ് ശിശു സൗഹൃദ തിയേറ്റർ എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്.
സിനിമാ തിയേറ്ററിനുള്ളിൽ സജീകരിച്ചിരിക്കുന്ന മുറിയ്ക്കുള്ളിൽ ചെറിയ കുട്ടികള്‍ക്ക് ഒപ്പം ഇരുന്ന് സിനിമ കാണാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്നത് ഒഴിവാക്കാനും ചെറിയ കുഞ്ഞുങ്ങൾ ഉള്ളവർക്കും സിനിമ ആസ്വദിക്കാനും സാധിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള കേരളത്തിലെ മറ്റ് തിയേറ്ററുകളിലും ഈ സംവിധാനം വൈകാതെ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
എ.സി ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുമായി ആർക്കും ധൈര്യമായി സിനിമ കാണാൻ ഇവിടെയെത്താം. സൗണ്ട് പ്രൂഫ് റൂം ആയതിനാൽ കുട്ടികൾ കരയുന്ന ശബ്ദം പുറത്തേക്ക് കേൾക്കില്ല. ഒരു സോഫയാണ് ഇരിപ്പിടത്തിനായി ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബവുമൊത്ത് ഇവിടെ ഇരുന്ന് സിനിമ കാണാൻ കഴിയും. അമ്മമാർക്ക് കുഞ്ഞുങ്ങളെ മൂലയൂട്ടാൻ ഉള്ള റൂമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഫിലിം ഡെവലപ്മെൻറ് കോർപറേഷൻറെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സജീകരണം ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാര്‍. നിലവിലെ സർക്കാർ തിയേറ്ററുകളിൽ പുനരുദ്ധാരണ സമയത്ത് ഈ സംവിധാനം ഉൾപ്പെടുത്തും. കെ എഫ് ഡി സി കൊണ്ടുവരുന്ന ഒരോ മാറ്റങ്ങളും മറ്റ് തിയേറ്ററുകൾക്കും പ്രചോദനമാകാറുണ്ട്. ഇതും അത്തരത്തിൽ എല്ലാ തിയേറ്ററുകളും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ എംഡി എസ് മായ ഐഎഫ്എസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...