സഭാ പിതാക്കൻമാരുടെ പിന്തുണയിൽ ബിജെപിയുടെ അപ്രതീക്ഷിത നീക്കം... മത-രാഷ്ട്രീയ നേതാക്കളെ കോർത്ത് പുതുമുന്നണി; കേരള ബിജെപിയെ അടുപ്പിക്കാതെ പുതുതന്ത്രം
BJP Kerala Plan: കേരളാ കോൺഗ്രസ് ജോസഫ് - മാണി വിഭാഗത്തിലെ അതൃപ്തരായ നേതാക്കളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. മാണി സി കാപ്പനും ബിജെപി അനുകൂല ചേരിയുടെ ഭാഗമാകാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ വിള്ളൽ വീഴ്ത്താനുള്ള രാഷ്ട്രീയ കരുനീക്കങ്ങളുമായി ബിജെപി കേന്ദ്രനേതൃത്വം. മോദി - അമിത്ഷാ - നദ്ദ ത്രയത്തിന്റെ നിയന്ത്രണത്തിലുള്ള നീക്കത്തിൽ നോക്കുകുത്തിയായി ബിജെപി സംസ്ഥാന നേതൃത്വം. ക്രിസ്ത്യൻ സമുദായത്തിന്റെ അവകാശ സംരക്ഷണമെന്ന പേരിൽ കേരളാ കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിനെ രംഗത്തിറക്കിയാണ് മൂന്നാം കൂട്ടുകെട്ടിന്റെ അടിത്തറ കെട്ടുന്നത്. സഭാ പിതാക്കൻമാരുടെ ഉറച്ച പിന്തുണയും ഈ ശ്രമങ്ങൾക്കുണ്ട്. ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലും കൊച്ചിയിലെ മരടിൽ വച്ചും രണ്ട് യോഗങ്ങൾ ചേർന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നീക്കങ്ങൾ.
കേരളാ കോൺഗ്രസ് ജോസഫ് - മാണി വിഭാഗത്തിലെ അതൃപ്തരായ നേതാക്കളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. ജോണി നെല്ലൂർ, ജോസഫ് എം പുതുശേരി, മാത്യു സ്റ്റീഫൻ, മാണി വിഭാഗത്തിന്റെ ഉന്നതാധികാര സമിതിയംഗം പിഎം മാത്യു തുടങ്ങിയ നേതാക്കൾ പങ്കെടുത്ത കാഞ്ഞിരപ്പള്ളിയിലെ യോഗത്തിൽ രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ഈ യോഗത്തിലാണ് അവകാശ സംരക്ഷണമുന്നണിയ്ക്ക് രൂപം നൽകിയത്. ജോർജ് ജെ മാത്യു രക്ഷാധികാരിയായി 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഉന്നതാധികാര സമിതിയംഗകൂടിയായ കടുത്തുരുത്തി മുൻ എംഎൽഎ പിഎം മാത്യു പറഞ്ഞു. കർഷക പ്രശ്നങ്ങൾ, ബഫർസോൺ വിഷയം, ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങൾ എന്നിവയാണ് യോഗത്തിൽ ചർച്ചയായതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ക്രിസ്ത്യൻ സഭാ പിതാക്കൻമാരുടെ സമ്മർദ്ദം ശക്തമായാൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അധികകാലം എൽഡിഎഫിൽ തുടരാനാകില്ല. തിരികെ അവർ മുന്നണിയിലേക്കെത്തിയാൽ പാലായിൽ കാപ്പന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും. ഈ സാധ്യത മുന്നിൽ കണ്ട് മാണി സി കാപ്പൻ ബിജെപി അനുകൂല ചേരിയുടെ ഭാഗമാകാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഇടതുനിരയിൽ നിന്ന് കോവൂർ കുഞ്ഞുമോനും ഈ ക്യാമ്പിന്റെ ഭാഗമായേക്കും. ബിജെപി നേതൃത്വവുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായും സൂചനയുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടു ചോർച്ച പുതുതായി രൂപപ്പെടുന്ന കൂട്ടുകെട്ടിന്റെ ആദ്യഘട്ട വിജയമായിട്ടാണ് വിലയിരുത്തുന്നത്. മൂന്നാമത് രൂപപ്പെടുന്ന ചേരിയുടെ ഭാഗമായി നിന്ന് കോട്ടയം പാർലമെന്റ് മണ്ഡലമാണ് മാണി സി കാപ്പന്റെ ലക്ഷ്യം.
മാണി സി കാപ്പനെ അടർത്തിയെടുക്കുന്നതിനായി പാലാ മണ്ഡലത്തിലെ ഇലവീഴാ പൂഞ്ചിറ ഉൾപ്പെടുന്ന ടൂറിസം മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ധനസഹായം നൽകും. ഇതു ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിന് പിന്തുണ നൽകി യുഡിഎഫ് വിടാനാണ് മാണി സി കാപ്പന്റെ നീക്കം. സമീപ ഭാവിയിൽ ക്രിസ്ത്യൻ സമുദായത്തിന് പുറമെ നായർ സമുദായത്തെയും മൂന്നാം ചേരിയിലേക്ക് അടുപ്പിക്കാനും ബിജെപി ശ്രമം ശക്തമാണ്. ഉന്നത പദവിയിൽ തുടരുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഒരു നേതാവ് ഈ നീക്കുപോക്കിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കാനും വിലയിരുത്താനും നിരന്തരം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കെ ബി ഗണേഷ്കുമാറിനെ അടർത്തിയെടുക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...