Black Fungus: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ബംഗളൂരുവിൽ നിന്ന് എത്തിയ ആൾക്ക്
ബംഗളൂരുവിൽ നിന്ന് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
വയനാട്: വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ബംഗളൂരുവിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന 39കാരനായ ഇയാൾക്ക് ബംഗളൂരുവിൽ വച്ച് തന്നെ രോഗബാധ സ്ഥിരീകരിച്ചു. പിന്നീട് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവ് ആയ രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ബംഗളൂരുവിൽ നിന്ന് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ALSO READ: ബ്ലാക്ക് ഫംഗസ് ബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്, ജാഗ്രത നിർദേശം
ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ പതിനൊന്നായി. രാജ്യത്ത് ആകെ 8848 പേരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിതരുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിന്റെ ഉത്പാദനം വർധിപ്പിച്ചു.
പ്രമേഹ രോഗികളിലും സ്റ്റിറോയ്ഡ് നൽകിയവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. കൊവിഡ് രോഗികളിലോ കൊവിഡ് ഭേദമായവരിലോ തലവേദന, കണ്ണ് വേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തണം. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്. അനിയന്ത്രിത പ്രമേഹം, കോവിഡ് ചികിത്സക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകൾ പ്രതിരോധ സംവിധാനത്തെ അമർച്ച ചെയ്യുന്നത്, ദീർഘകാലം ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത് എന്നിവയെല്ലാം ഫംഗസ് ബാധയ്ക്ക് കാരണമാകുന്നതായി ഐസിഎംആർ വ്യക്തമാക്കി.
സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനം. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്,ഒഡിഷ, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസാണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. മാസ്ക് ഫലപ്രദമായി ധരിക്കണം. പരിസര ശുചിത്വം അനിവാര്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ. മാസ്ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA