Black money laundering case: തങ്ങളെയല്ല കുഞ്ഞാലിക്കുട്ടിയെയാണ് ഇഡി ചോദ്യം ചെയ്യേണ്ടത്; തങ്ങൾക്കയച്ച നോട്ടീസ് പിൻവലിക്കണമെന്നും കെടി ജലീൽ
പികെ കുഞ്ഞാലിക്കുട്ടിയെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യേണ്ടതെന്ന് കെടി ജലീൽ
തിരുവനന്തപുരം: ചന്ദ്രികപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ (Money Laundering Case) പാണക്കാട് ഹൈദരലി തങ്ങളെയല്ല, പികെ കുഞ്ഞാലിക്കുട്ടിയെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യേണ്ടതെന്ന് കെടി ജലീൽ. ആരോഗ്യം മോശമായി ചികിത്സയിലിരിക്കുന്ന പാണക്കാട് തങ്ങളെ ചോദ്യം ചെയ്യാനായി ഇഡി (Enforcement Directorate) അയച്ച നോട്ടീസ് പിൻവലിക്കണമെന്നും കെടി ജലീൽ അഭ്യർത്ഥിച്ചു.
യഥാർഥ കുറ്റവാളി കുഞ്ഞാലിക്കുട്ടിയാണെന്ന് ഇഡിക്കും അറിയാവുന്നതാണ്. ആ കുറ്റവാളി രക്ഷപ്പെടരുതെന്നും കെടി ജലീൽ പറഞ്ഞു. ചന്ദ്രികയിലൂടെ നടന്നിട്ടുള്ള ക്രയവിക്രിയങ്ങൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്ന് ഇഡിക്ക് കുഞ്ഞാലിക്കുട്ടി രേഖാമൂലം അറിയിപ്പ് നൽകണം. കുറ്റം ഏറ്റെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുഞ്ഞാലിക്കുട്ടി തയ്യാറാകണം. പാണക്കാട് തങ്ങളോട് വലിയ ചതിചെയ്‌തിട്ട് കുഞ്ഞാലിക്കുട്ടി സഭയിൽ വന്നിരുന്ന് സുഖിക്കുകയാണെന്നും കെടി ജലീൽ (KT Jaleel) ആരോപിച്ചു.
പാണക്കാട് കുടുംബത്തേയും ഹൈദരലി ശിഹാബ് തങ്ങളേയും വഞ്ചിക്കാനും ചതിക്കാനുമാണ് പികെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചത്. ലീഗിന്റെ രാഷ്‌ട്രീയ സംവിധാനത്തെ നാല് വെള്ളിക്കാശിന് വിറ്റുതുലച്ചു. ചന്ദ്രികാപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും കെടി ജലീൽ ആരോപിച്ചു. ചന്ദ്രിക പത്രമിപ്പോൾ കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുള്ള ക്ഷേത്രത്തിലെ ദരിദ്രനായ പൂജാരിയെപോലെയാണ്. ചന്ദ്രിക ജീവനക്കാരുടെ പി എഫ് കുടിശികയായി അഞ്ച് കോടിയോളം രൂപ അടയ്‌ക്കാനുണ്ട്. ചുമതലപ്പെട്ടവർക്ക് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അവിടെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. കുറച്ചുനാൾ മുമ്പ് അവർ സമരമുഖത്തായിരുന്നു. കേരളത്തിന് പുറത്ത് ചന്ദ്രികയുടെ എഡിഷനുകൾ നിർത്തി.
യുഎഇയിൽ (UAE) പത്രം അച്ചടിച്ചിരുന്ന സ്‌ഥാപനത്തിന് ആറ് കോടി രൂപ കുടിശിക നൽകാനുണ്ട്. ഇതിനായി നാലര മില്യൻ യുഎഇ ദിർഹം പിരിച്ചു. എന്നാൽ ഒരു രൂപപോലും ആ സ്‌ഥാപനത്തിന് കൊടുക്കാതെ ചിലർ പോക്കറ്റിലാക്കി. കുഞ്ഞാലിക്കുട്ടിയുടെ ഗൾഫിലെ സ്‌ഥാപനം മുഖേയാണ് ഈ പണം കേരളത്തിലെത്തിയത്. ഇപ്പോൾ കേരളത്തിന് പുറത്ത് ചന്ദ്രിക പത്രം പ്രസിദ്ധീകരിക്കുന്നത് ഖത്തറിൽ പിഡിഎഫ് രൂപത്തിൽ മാത്രമാണ്.
ALSO READ: Minority scholarship: കാന്തപുരം എപി അബൂബക്കർ മുസലിയാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരെ കെഎംസിസിയുടെ തലപ്പത്ത് പ്രതിഷ്‌ഠിച്ചത് ചന്ദ്രികക്കും ലീഗിനുമായി പിരിച്ചെടുത്ത പണം മുഴുവൻ പോക്കറ്റിലാക്കാനാണ്. തങ്ങളേയും തങ്ങൾ കുടുംബത്തേയും സ്‌നേഹിക്കുന്നവർക്ക് വലിയ വേദന നൽകുന്നതാണ് ഇഡിയുടെ അന്വേഷണം. ഇക്കാര്യത്തിൽ ലീഗിൽ നിന്ന് ശക്‌തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ അല്ല കുറ്റവാളിയെന്നും യഥാർഥ കുറ്റവാളി ആരെന്നും ഇഡിക്ക് അറിയാം. ഈ അവസ്‌ഥയിൽ എന്തിനാണ് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരിക്കുന്നത്. എല്ലാ ഉത്തരവാദിത്വം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്ത് മാപ്പ് പറയണമെന്നും കെടി ജലീൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...