തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂ വെയില്‍ ആത്മഹത്യ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍  ഇങ്ങനെയൊരു ആത്മഹത്യ കേരളത്തില്‍ നടന്നുവെന്ന് ഒരു സ്ഥിരീകരണവുമില്ലെന്ന് ഐജി മനോജ് എബ്രഹാം.  കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തെന്നോ ഇതിന്‍റെ ലിങ്ക് കിട്ടിയെന്നോ ഉളള ഒരു സംഭവവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അതിന് വേണ്ടി ഒരു ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണം നടത്തുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മനോജ് എബ്രഹാം പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് വളരെ കാര്യക്ഷമമായി ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതുവരെ അതിന്‍റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവ ഈ ഗയിമിനെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇപ്പോള്‍ കേരളത്തില്‍ രണ്ട് ബ്ലൂവെയില്‍ ആത്മഹത്യകള്‍ നടന്നതായാണ് സംശയങ്ങള്‍ ഉയര്‍ന്നത്. അതില്‍ ഒന്ന് മേയ് മാസം കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ.വിദ്യാര്‍ഥി സാവന്തിന്‍റെയും, രണ്ടാമത്തേത് ജൂലൈ മാസം തിരുവനന്തപുരത്ത് മരിച്ച മനോജിന്‍റെതുമാണ്.  തന്‍റെ മകന്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് സാവന്തിന്‍റെ അമ്മ പറഞ്ഞു. കൈയിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോത്തിയിട്ട ചിത്രങ്ങള്‍ സാവന്തിന്‍റെ കുടുംബം പോലീസിനു കൈമാറിയിരുന്നു. മാത്രമല്ല, ഏകമകന്‍റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്ന് സാവന്തിന്‍റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് മരിച്ച മനോജിന്‍റെ കാര്യവും.  മനോജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മാത്രമല്ല, ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  അവനെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലയെന്നും പരാതിയില്‍ പറയുന്നു.