NSS: നാമജപ യാത്രക്കെതിരായ കേസ്; ഹൈക്കോടതിയെ സമീപിച്ച് എന്‍എസ്എസ്
Namajapa yatra case: തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാമജപ യാത്രക്കെതിരെ കന്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.
മിത്ത് വിവാദത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്റെ തിരുത്ത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതെല്ലാം കള്ളപ്രചാരണങ്ങളാണെന്നും സംസ്ഥാന സെക്രട്ടറി ഡൽഹിയിൽ പറഞ്ഞു. ഗോവിന്ദൻ തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അതിനിടെ, നാമജപയാത്രയ്ക്കെതിരെ കേസെടുത്തതിൽ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു.
എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ ഗണപതി വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിച്ചപ്പോഴാണ് വിവാദത്തിൽ പൊലീസ് കേസെടുത്തത്. ഷംസീറിന്റെ പ്രസ്താവനക്കെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടി വരെ നടത്തിയ യാത്രക്കെതിരെ കന്റോൺമെൻ്റ് പൊലീസ് കേസെടുത്തതതോടെയാണ് വിവാദം കൂടുതൽ കത്തിപ്പടർന്നത്.
ALSO READ: ഗണപതി മിത്തെന്നും അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; നിലപാടിൽ മാറ്റം വരുത്തി എം.വി ഗോവിന്ദൻ
പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. നാമജപയാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാറിനെ ഒന്നാം പ്രതിയായും, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചു. കേസെടുത്ത നടപടിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പൊലീസിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. നിയമപരമായി നീങ്ങുമെന്ന് പറഞ്ഞതിന് പിന്നാലെ എൻഎസ്എസ് ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ഹർജിയിൽ എൻഎസ്എസ് ആവശ്യപ്പെട്ടു.
നേരത്തെ ശാസ്ത്രത്തെ ശാസ്ത്രമായും വിശ്വാസത്തെ വിശ്വാസമായും കാണണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് തിരുത്തിയതാണ് ശ്രദ്ധേയമായത്. ഷംസീർ മാപ്പ് പറയേണ്ടതില്ലെന്നും തിരുത്തേണ്ടതില്ലെന്നും ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി നിലപാട് തിരുത്തി. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഗോവിന്ദന്റെ തിരുത്ത്. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതെല്ലാം കള്ളപ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സെക്രട്ടറി നിലപാട് തിരുത്തിയ സ്ഥിതിക്ക് സ്പീക്കറും തിരുത്താൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈകിയെങ്കിലും സിപിഎമ്മിന് വിവേകം ഉണ്ടായെന്നും ഒരു മണിക്കൂർ പത്രസമ്മേളനം നടത്തിയ ഗോവിന്ദൻ ഡൽഹിയിൽ എത്തിയപ്പോൾ കവാത്ത് മറന്നെന്നും അദ്ദേഹം പരിഹസിച്ചു.
വിശ്വാസ പ്രശ്നത്തിൽ ബിജെപിക്കൊപ്പം നിന്ന വിശ്വഹിന്ദു പരിഷത്തും അയ്യപ്പ സേവാസമാജവും ആർഎസ്എസ് നേതാക്കളും എൻഎസ്എസിന് പരസ്യ പിന്തുണ നൽകി ഒപ്പം നിന്നു. ആദ്യഘട്ടത്തിൽ മൗനം തുടർന്ന കോൺഗ്രസ് പിന്നീട് വൻ രാഷ്ട്രീയ വിവാദമായതോടെയാണ് പ്രതികരണവുമായി പലകുറി രംഗത്തുവന്നത്. ഏതായാലും,യഥാർത്ഥ വിശ്വാസികൾക്കൊപ്പമാണ് സിപിഎം എന്ന് പറയുമ്പോഴും എൻഎസ്എസിലുണ്ടാക്കിയ മുറിവുണക്കാൻ പാർട്ടി നേതൃത്വത്തിന് ഒരൽപ്പം വിയർക്കേണ്ടി വരും. സ്പീക്കർ പ്രസ്താവന തിരുത്താൻ തയ്യാറാകാത്തപക്ഷം സംസ്ഥാനതലത്തിൽ നാമജപ യാത്ര വിപുലമാക്കുന്നതിനെ കുറിച്ചും എൻഎസ്എസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...