തിരുവമ്പാടി: കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതി വിധിയെ മറികടക്കാൻ  നിയമനിർമ്മാണം നടത്താനുള്ള നീക്കത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി). കലാലയ രാഷ്ട്രീയം സംബന്ധിച്ച് കോടതിയുടെ വിലയിരുത്തൽ കേരളത്തിലെ പൊതു സമൂഹം ആഗ്രഹിച്ചിരുന്നത് തന്നെയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാഭ്യാസത്തിന് ശേഷം ഇഷ്ടമുള്ള രാഷ്ട്രീയം തെരഞ്ഞെടുത്ത് പ്രവർത്തിക്കാൻ അവസരമുള്ളപ്പോൾ പഠിക്കാനായെത്തുന്ന വിദ്യാർത്ഥി സമൂഹത്തെ പ്രതിസന്ധിയിലാക്കി ഒരു ന്യൂനപക്ഷത്തിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി കലാലയങ്ങളെ മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. 


രാഷ്ട്രീയത്തിന്‍റെ പേരിൽ വിദ്യാഭ്യാസ സ്ഥാപങ്ങളെ കലാപഭൂമിയാക്കി മാറ്റിയതിന്‍റെ നിരവധി ഉദാഹരണങ്ങളുണ്ട്. നിസാര പ്രശ്നങ്ങളുടെ പേരിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുകയും, കലാലയങ്ങൾ തല്ലിതകർക്കുകയും, രാഷ്ട്രീയത്തിന്‍റെ പേരില്‍ വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് വലിയ കലാപത്തിലേക്കും കൊലപാതകത്തിലേക്കും വരെ നീങ്ങിയിട്ടുള്ള സംഭവങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ  കോടതി വിധിയെ കത്തോലിക്ക കോൺഗ്രസ് പിന്തുണക്കുന്നുവെന്ന് കോഴിക്കോട് ചേർന്ന താമരശ്ശേരി രൂപത കമ്മറ്റി വ്യക്തമാക്കി.