ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തുടങ്ങിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും റോഡ് ഷോ ഉള്‍പ്പടെയുള്ള അവസാന നിമിഷ ശക്തിപ്രകടനത്തിനായുള്ള ഒരുക്കങ്ങളിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. മെയ് 31 ന് ഫലം പ്രഖ്യാപിക്കും. 


സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വോട്ട് തേടിയത്. 'വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്,' എന്നതായിരുന്നു പ്രചാരണ മുദ്രാവാക്യം. അതേസമയം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുഡിഎഫിന്‍റെ വോട്ട് തേടല്‍. നാടിന്‍റെ നേര് വിജയിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ വോട്ട് തേടിയത്. 


ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള ദേശീയ രാഷ്ട്രീയം ആയുധമാക്കി. 'നമുക്കു മാറാം' എന്ന ആശയം മുന്നോട്ട് വച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ വോട്ട് അഭ്യര്‍ത്ഥന. ദേശീയ സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരെത്തി. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോരായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷങ്ങളെ ചൂട് പിടിപ്പിച്ചത്.