തിരുവനന്തപുരം: നിപാ വൈറസ് പകര്‍ച്ചവ്യാധി ഫലപ്രദമായി തടയാന്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അഭിനന്ദനം അറിയിച്ച ഐക്യരാഷ്ട്രസഭയുടെ പരാമര്‍ശം ഭരണ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള വികസനത്തിനാണ് ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ട്രാന്‍സ് ജെണ്ടറുകള്‍ക്ക് പ്രത്യേക നയം രൂപീകരിക്കാനും സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കാനും കഴിഞ്ഞത് ഭരണ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും, സമാധാനവും ജനക്ഷേമവും മുന്‍നിര്‍ത്തി പോകാനാണ് കഴിഞ്ഞ രണ്ടുവര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിവിധ മേഖലകളില്‍ ഈ സര്‍ക്കാരിന് മുന്നേറ്റമുണ്ടാക്കാനായി. വനിതാ ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പുള്ള സംസ്ഥാനമാണ് കേരളം. 2020ഓടുകൂടി വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ ആരംഭിക്കാനാകുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായും പിണറായി വിജയന്‍ പറഞ്ഞു.


അതേസമയം തോട്ടം മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചു. തോട്ടം മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് വികസനം ലക്ഷ്യമാക്കിയാണെന്ന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.