കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ
നിലവിൽ കേസ് അന്വേഷിച്ച് വരുന്ന ക്രൈം ബ്രാഞ്ചിനോടും സംഭവം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്
കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ബാലവകാശ കമ്മീഷൻ വിശദീകരണം തേടി. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാറാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. കൂടാതെ നിലവിൽ കേസ് അന്വേഷിച്ച് വരുന്ന ക്രൈം ബ്രാഞ്ചിനോടും സംഭവം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന റിപ്പോർട്ടിനെ കുറിച്ചും അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ ഉടൻ തന്നെ വിട്ടയച്ചത് വീഴ്ചയായി എന്നാണ് റിപ്പോർട്ട്. ഇതിനെ കുറിച്ചുള്ള റൂറൽ എസ് പി പി ബി രാജീവിന്റെ റിപ്പോർട്ട് പരിശോധിക്കുമെന്നാണ് കെ വി മനോജ് കുമാർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ദൃക്സാക്ഷികൾ വിവരണവും പൊലീസ് ഉദ്യോഗസ്ഥർ ഗൗരവമായി എടുത്തിട്ടില്ലെന്നും പറയുന്നുണ്ട്.
ALSO READ: 'മുഹമ്മദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമം', റിമാൻഡ് റിപ്പോർട്ട് പുറത്ത്; പ്രതി റിമാൻഡിൽ
സംഭവം നടന്ന ദിവസം ആറുവയസുകാരനെ ആദ്യം അടിച്ചയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദ് കുഞ്ഞ് ആണ് തലശേരി പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഷിഹാദ് കുട്ടിയെ ചവിട്ടുന്നതിന് തൊട്ട് മുൻപ് വഴിയാത്രക്കാരനായ മഹമൂദ് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാറിന്‍റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് അവിടുന്ന് മാറ്റി നിർത്തുന്നതും വീഡിയോയിൽ കാണാം. താൻ കുട്ടിയെ അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പോലീസിന് മൊഴി നൽകി. ഇതോടെ കസ്റ്റഡിയിലെടുത്തയാളെ പോലീസ് പിന്നീട് വിട്ടയച്ചു.
നവംബർ 3 ന് രാത്രിയോടെയാണ് സംഭവം നടന്നത്. കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. കാറിൽ ചാരി നിന്ന് കുട്ടിയെ മുഹമ്മദ് ഷിഹാദ് എന്നയാളാണ് ചവിട്ടി തെറിപ്പിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഷിനാദ് ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...