`നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട`; മുഖ്യമന്ത്രിക്കായി വൻ നിയന്ത്രണം; മരുന്ന് വാങ്ങാൻ എത്തിയ കുഞ്ഞിന്റെ കുടുംബത്തിന് പോലീസ് ഭീഷണി
CM Pinarayi Vijayan Security : കുട്ടിക്കായി മരുന്ന് വാങ്ങാൻ എത്തിയാളോട് ധാഷ്ട്യത്തോടെയാണ് എസ് ഐ പെരുമാറിയത്
കൊച്ചി : ബജറ്റിലെ നികുതി വർധനയെ തുടർന്ന് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ ഉയർന്നതോടെ പോലീസ് വൻ നിയന്ത്രണമാണ് പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ ഏർപ്പെടുത്തുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങൾ സാധാരണക്കാരെ ബാധിക്കുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. കുഞ്ഞിന് മരുന്ന് വാങ്ങാൻ എത്തിയവരെ പോലും പോലീസ് തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ കാഴ്ചയാണ് പുറത്ത് വരുന്നത്.
കാലടി മറ്റൂരിലാണ് കുഞ്ഞിന് മരുന്ന് വാങ്ങാൻ എത്തിയ കുടുംബത്തെ പോലീസ് തടഞ്ഞതും ഭീഷണിപ്പെടുത്തിയതും. കാലടി വഴി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനാൽ മരുന്ന് വാങ്ങാനായി എത്തിയവരോട് കാർ പാർക്ക് ചെയ്യാൻ പോലീസ് വിസമ്മതിച്ചു. തുടർന്ന് കാര്യം തിരക്കിയപ്പോൾ കുഞ്ഞിന്റെ കുടംബത്തോടെ പോലീസ് ഭീഷണി ഉയർത്തുകയായിരുന്നു. പോലീസിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് മെഡിക്കൽ ഷോപ്പ് ഉടമയെത്തിയപ്പോൾ കട അടപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് പോലീസ് കടയുടമയെയും ഭീഷണിപ്പെടുത്തി.
ALSO READ : 'രാജാവിന് കരിങ്കൊടി പേടിയാണെങ്കിൽ ക്ലിഫ് ഹൗസിലിരിക്കണം അല്ലെങ്കിൽ അമിത നികുതി കുറയ്ക്കണം': ഷാഫി പറമ്പിൽ
മരുന്ന് വാങ്ങിക്കാനായി കുട്ടിയുടെ കുടംബം ആദ്യ മെഡിക്കൽ ഷോപ്പിന്റെ അരികിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എസ് ഐ അതിന് അനുവദിച്ചില്ല. തുടർന്ന് വാഹനം മറ്റൊരുടത്തേക്ക് മാറ്റി പാർക്ക് ചെയ്ത് കുട്ടിക്കായി മരുന്ന് വാങ്ങാൻ എത്തി. ഈ സമയത്ത് എസ് ഐ വീണ്ടും കുട്ടിയുടെ കുടുംബത്തോടെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കടയുടമയെ കട പൂട്ടിക്കുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് മെഡിക്കൽ ഷോപ്പ് ഉടമ പറഞ്ഞു.
കുട്ടി പനിച്ച് കിടക്കുന്നത് കണ്ടില്ലേയെന്ന് മരുന്ന് വാങ്ങിക്കാൻ എത്തിയാൾ പോലീസിനോട് ചോദിച്ചപ്പോൾ 'നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട'യെന്ന് എസ്ഐ കൈചൂണ്ടികൊണ്ട് മറുപടി നൽകുകയായിരുന്നു. സംഭവത്തിൽ എസ് ഐക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെന്നും കുടുംബവും കടയുടമയും അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് കർശന നിയന്ത്രണമാണ് പിണറായി വിജയന്റെ വാഹനവ്യൂഹം പോകുന്ന വഴികളിൽ പോലീസ് ഏർപ്പെടുത്തുന്നത്. പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി വരെ നിർത്തിവെയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ആലത്തൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കിൽ എന്ന പേരിൽ അറസ്റ്റി ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് നടക്കുന്നത് പോലീസ് രാജ് ആണെന്നും അടിച്ചമർത്താൻ ശ്രമിച്ചാൽ നിശബ്ദരാകില്ലയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...