CWC: തരൂരിനെ തള്ളുമോ കൊള്ളുമോ ഖാര്‍ഗെ? പ്രവര്‍ത്തക സമിതി അംഗത്വം പ്രസിഡന്റിന്റെ കൈയ്യില്‍...
Congress Working Committee: എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിക്കാൻ മുന്നോട്ട് വന്ന ആളാണ് ശശി തരൂർ.
ഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂര്‍ എത്തുമോ ഇല്ലയോ എന്നതില്‍ ഇനി തീരുമാനമെടുക്കേണ്ടത് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുകയാണ്. പ്രവര്‍ത്തക സമിതിയിലേക്കുള്ള എല്ലാ അംഗങ്ങളേയും ഖാര്‍ഗെ ആയിരിക്കും നാമനിര്‍ദ്ദേശം ചെയ്യുക.
എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ മത്സരിച്ച ആളാണ് ശശി തരൂര്‍. ഗാന്ധി കുടുംബത്തിന്റെ സമ്പൂര്‍ണ പിന്തുണയോടെ ആയിരുന്നു ഖാര്‍ഗ്ഗെ മത്സരിച്ച് ജയിച്ചത്. എന്നിട്ട് പോലും എഐസിസി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മികച്ച വോട്ട് നേടി തരൂര്‍ ശക്തി തെളിയിച്ചിരുന്നു. അങ്ങനെയുള്ള തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് ഖാര്‍ഗെ നാമനിര്‍ദ്ദേശം ചെയ്യുമോ എന്നാണ് ഇനി അറിയാനുള്ളത്.
നിലവില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്ളത്. എകെ ആന്റണി, കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവരാണ് അവര്‍. എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഇനി പ്രവര്‍ത്തക സമിതിയില്‍ തുടരാന്‍ സാധ്യതയില്ല. ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്തായാലും തുടരുകയും ചെയ്യും. കേരളത്തില്‍ നിന്നുള്ള രണ്ട് ഒഴിവുകളിലേക്ക് ആരെയൊക്കെ ആയിരിക്കും പരിഗണിക്കുക എന്നതാണ് നിര്‍ണായക ചോദ്യം.
പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം നല്‍കിയേക്കും എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. തന്റെ 48-ാം വയസ്സില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്ന ആളാണ് ചെന്നിത്തല- 2004 ല്‍. എന്നാല്‍ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയ്ക്ക് പിറകെ, കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുകയായിരുന്നു. കരുണാകരന് ശേഷം ഐ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്തെങ്കിലും, കരുണാകരനോടുള്ള സമീപനമായിരുന്നില്ല ഒരു കാലത്തും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെന്നിത്തലയോട് കാണിച്ചിട്ടുള്ളത്. പക്ഷേ, 2021 ല്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കേന്ദ്ര നേതൃത്വം ചെന്നിത്തലയെ അനുവദിച്ചില്ല.
എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ശശി തരൂരിനൊപ്പമായിരുന്നില്ല രമേശ് ചെന്നിത്തല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് കാംപെയ്‌നര്‍മാരില്‍ ഒരാളായിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഗാര്‍ഗെയുടെ മുന്‍നിര കാംപെയ്‌നര്‍ ആയിരുന്നു അദ്ദേഹം. അങ്ങനെയുള്ള ചെന്നിത്തലയെ ഖാര്‍ഗെ മറക്കാനിടയില്ലെന്നാണ് അണിയറ സംസാരം.
കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്ന മറ്റൊരാള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ്. നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റും എഐസിസി അംഗവും ആണ് കൊടിക്കുന്നില്‍. ദളിത് വിഭാഗത്തില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം ചോദ്യം ചെയ്യുന്നുണ്ട് അദ്ദേഹം.
ശശി തരൂരിനെ പരിഗണിക്കാതിരിക്കുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ നേടിയേക്കും എന്ന് അറിയാത്തവരല്ല കോണ്‍ഗ്രസ് നേതൃത്വം. തീരുമാനങ്ങളെല്ലാം ഖാര്‍ഗെ ഒറ്റയ്ക്ക് എടുക്കും എന്ന് ചിന്തിക്കുക അസാധ്യവും ആണ്. അതുകൊണ്ട് തന്നെ ചില വിട്ടുവീഴ്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. പ്രവർത്തക സമിതി അംഗത്വം അല്ലെങ്കിൽ സ്ഥിരം ക്ഷണിതാവായോ പ്രത്യേക ക്ഷണിതാവായോ തരൂരിനെ നാമനിർദ്ദേശം ചെയ്താൽ നേതൃത്വത്തിന് മുഖം രക്ഷിക്കാനാവും.
പ്രവർത്തക സമിതി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണെന്നാണ് ജനറൽ സെക്രട്ടറിയായ ജയറാം രമേശ് പറഞ്ഞത്. എന്നാൽ സ്റ്റിയറിങ് കമ്മിറ്റിയ്ക്കുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് വേണം എന്ന് ആവശ്യമുന്നയിച്ച മുതിർന്ന നേതാക്കളുണ്ട് എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാവും എന്തായാലും പ്രവർത്തക സമിതി രൂപീകരണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനങ്ങളുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...