തിരുവനന്തപുരം: ശശി തരൂരിനെതിരെ ഏറെക്കുറേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി മുതല്‍ യുഡിഎഫ് കണ്‍വീനര്‍ വരെയുള്ളവരയാണ് തരൂരിന്റെ പേരെടുത്ത് പറയാതെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. തരൂരിന്റെ മലബാര്‍ പര്യടനം തുടരുന്നതിനിടെ ആണിത് എന്നതും ശ്രദ്ധേയമാണ്. കെ കരുണാകരന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനത്തില്‍ ആയിരുന്നു നേതാക്കളുടെ കൂട്ട 'ആക്രമണം'.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന്റെ വാക്കുകള്‍ ഒരു മുന്നറിയിപ്പ് എന്ന മട്ടില്‍ തന്നെ കാണാവുന്ന തരത്തില്‍ ആയിരുന്നു. എല്ലാ കാര്യവും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാകാതിരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് വേണുഗോപാല്‍ പറഞ്ഞത്. താരിഖ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കോണ്‍ഗ്രസ് അധ്യക്ഷനുമായി ആലോചിച്ച് തന്നെ പറഞ്ഞതാണെന്നും വേണുഗോപാല്‍ പറഞ്ഞു. മറ്റൊരു കാര്യം കൂടി ഇതോടൊപ്പം വേണുഗോപാല്‍ ഓര്‍മപ്പെടുത്തി- താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മാത്രമല്ല, അച്ചടക്ക സമിതി അംഗം കൂടിയാണ് എന്നതായിരുന്നു അത്. തരൂരിനുള്ള മുന്നറിയിപ്പായി തന്നെ ഇതിനെ കണക്കാക്കേണ്ടി വരും.
Read Also: ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി? 'തരൂര്‍ പോരില്‍' തുടങ്ങിയ 'അടിതട'
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അല്‍പം കൂടി മൂര്‍ച്ചയേറിയ വാക്കുകളാണ് ഉപയോഗിച്ചത്. ആരെങ്കിലും കോട്ട് തയ്പിച്ച് വച്ചിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ ഇറങ്ങണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാല് വര്‍ഷം കഴിഞ്ഞ് താന്‍ എന്താകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്നും തരൂരിനെ ലക്ഷ്യം വച്ച് ചെന്നിത്തല പറഞ്ഞു.
ആരൊക്കെ ഏതൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കെ മുരളീധരന്‍ എംപി പറഞ്ഞത്. ഒരര്‍ത്ഥത്തില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിടാതിരുന്ന ആളാണ് മുരളീധരന്‍ എന്നും പറയാം. പാര്‍ട്ടി വേദിയില്‍ മാത്രമേ അഭിപ്രായം പറയാവൂ എന്ന കെസി വേണുഗോപാലിന്റെ അഭിപ്രായം ശരിയാണെന്ന കാഴ്ചപ്പാടും മുരളീധരന്‍ പങ്കുവച്ചു. പാര്‍ട്ടിയ്ക്കുള്ളില്‍ അതീവ രഹസ്യമായി നടത്തുന്ന യോഗങ്ങളുടെ വിവരങ്ങള്‍ പോലും പുറത്ത് പോകുന്നതിനെ പരിഹാസ രൂപേണ കുറ്റപ്പെടുത്തുകയും ചെയ്തു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തരൂരിനെ തന്നെ ലക്ഷ്യമാക്കിയിരുന്നു വിമര്‍ശന ശരം തൊടുത്തത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴുള്ളത് ഗ്രൂപ്പിസമല്ല, മറിച്ച് അവനവനിസമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തരൂര്‍ പ്രവര്‍ത്തിക്കുന്നത് ഒരു ഗ്രൂപ്പിന്റേയും പിന്തുണയോടെയല്ല എന്നത് വ്യക്തമാക്കുന്നതാണ് ഈ വിമര്‍ശനം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യത്തെ കുറിച്ചും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ശശി തരൂര്‍ നടത്തിയ പരസ്യ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നടങ്കം ചൊടിപ്പിച്ചത്. നേരത്തേ തന്നെ കേരളത്തിലെ നേതാക്കള്‍ക്ക് തരൂരിനോട് വലിയ പ്രതിപത്തിയുണ്ടായിരുന്നില്ല. എഐസിസി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷം തരൂരിനെ പൂര്‍ണമായും തഴയുന്ന സ്ഥിതിയും ഉണ്ടായി. അതിന് ശേഷം ആയിരുന്നു തരൂര്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയത്. മത സാമുദായിക നേതൃത്വങ്ങളുമായി തരൂര്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങുകയും അതിന് വാര്‍ത്താ പ്രാധാന്യം ലഭിക്കുകയും ചെയ്തതോടെ കേരള നേതാക്കള്‍ കൂടുതല്‍ ശക്തമായി രംഗത്തെത്തുന്നതും കാണാമായിരുന്നു.
തരൂര്‍ നേരത്തെ തുടങ്ങിവച്ച മലബാര്‍ പര്യടനം പുനരാരംഭിക്കുന്ന വേളയിലാണ് ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നത്. കോഴിക്കോട് സമസ്ത നേതാക്കളേയും മുജാഹിദ് നേതാക്കളേയും തരൂര്‍ സന്ദര്‍ശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...