കേരളത്തിന്റെ നിലനിൽപിന് സഹകരണ മേഖല അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ
Roshi Augustine about Cooperative sector: സാധാരണക്കാരന് എന്നും ആശ്രയമാണ് സഹകരണ മേഖലയെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
തിരുവനന്തപുരം: സാധാരണക്കാരന് എന്നും ആശ്രയമായ സഹകരണ മേഖല കേരളത്തിന്റെ നിലനിൽപിന് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . തങ്കമണി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരി സംഗമവും ജനകീയ നിക്ഷേപ കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . സഹകരണ മേഖലയെ തകർക്കുന്നതിനും സാധരണക്കാരുടെ പണം കോർപ്പറേറ്റ്കളുടെയും കുത്തകകളുടെയും കൈകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംരഭങ്ങൾ, ആരോഗ്യ, കാർഷിക മേഖലകളടക്കം സമസ്ത മേഖലകളുടെയും സ്വാധീനം നിർണയിക്കുന്നതിൽ സഹകരണമേഖലയുടെ പങ്ക് വലുതാണ്.
ജനകീയ നിക്ഷേപക കാമ്പയിന്റെ ഭാഗമായി തങ്കമണി സഹകരണ ബാങ്ക് 334 സഹകാരികളിൽ നിന്നായി 2,18,14,500 കോടി രൂപയും സമാഹരിച്ചു. കുടുക്കയിൽ സൂക്ഷിച്ച പണം നിഷേപിച്ച അഞ്ച് വയസുകാരൻ പാണ്ടിപ്പറ സ്വദേശി അക്കിയോ വിപിൻ, പതിമൂന്ന്കാരി അനുഷ്ക വിനി, സാമൂഹ്യ സുരക്ഷ പെൻഷനിൽ നിന്ന് നിക്ഷേപിച്ച ശാന്തമ്മ പാറത്തലയ്ക്കൽ, മുതിർന്ന പൗരൻ സേവ്യർ പള്ളിപ്പറമ്പിൽ, ശശി അയ്യൻവേലിൽ, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് എന്നിവരുടെ നിക്ഷേപം മന്ത്രി നേരിട്ട് ഏറ്റുവാങ്ങി രസിതും നൽകി. ഇവരുൾപ്പെടെ 334 പേർ കാമ്പയിന്റെ ഭാഗമായി നിക്ഷേപം നടത്തി. ജനകീയ കാമ്പയിന്റെ ഭാഗമായി നവംബർ 30 ന് മുമ്പായി 10 കോടി രൂപ സമാഹരിക്കാനാണ് തങ്കമണി സഹകരണ ബാങ്ക് ലക്ഷ്യം വക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു. കേരള ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി അംഗം ബി.സി പിള്ള സഹകരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ALSO READ: വഴി മുടക്കി വാഹനം വെച്ചത് ചോദ്യം ചെയ്തു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
തങ്കമണി സർവ്വീസ് സഹകരണബാങ്കിൽ പ്രദേശവാസികളായ 15000 അംഗങ്ങളാണുള്ളത്. 120 കോടി പ്രവർത്തന മൂലധനമുള്ള ബാങ്ക് 105 കോടി രൂപ അംഗങ്ങൾക്ക് വായ്പ നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പ്രവർത്തനലാഭത്തിലാണ്. ബാങ്കിന്റെ പ്രവർത്തനപരിധിയിലെ അഭ്യസ്ഥവിദ്യസ്ഥരായ 300 ൽ പരം ആളുകൾക്ക് വിദേശജോലിക്കും പഠനത്തിനുമായി വായ്പ നൽകാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. വിവിധ സംരഭകർക്കും വിവാഹം, ചികിത്സ, ഭവനനിർമ്മാണം തുട ങ്ങിയ ആവശ്യങ്ങൾക്കും കൂടാതെ എസ്.എച്ച്.ജി., ജെ.എൽ.ജി. വായ്പകളും ആവശ്യാനുസരണം നൽകി വരുന്നു. കർഷകർക്ക് വേണ്ടി നിരവധി സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തി വിജയിപ്പിക്കുവാനും സ്ഥാപനത്തിനായിട്ടുണ്ട്. ബാങ്കിന്റെ നേതൃത്വത്തിൽ സഹ്യ തേയില ഫാക്ടറി ലാഭകരമായി നടത്തുവാനും, സഹ്യ ബ്രാന്റ് കേരളം മുഴുവൻ പ്രചരിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്. മികച്ച വില നൽകി തേയിലകർഷകരിൽ നിന്ന് നേരിട്ടാണ് കൊളുന്ത് ശേഖരിക്കുന്നത്. പുറമെ വളം ഡിപ്പോ, സൂപ്പർമാർക്കറ്റ്, ജനസേവാകേന്ദ്രം, പുക പരിശോധനാകേന്ദ്രം, നബാർഡ് സഹായത്തോടെ ബാങ്ക് രൂപീകരിച്ച സഹ്യ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളും ബാങ്ക് നടത്തുന്നുണ്ട്. വിവിധ സ്ഥപനങ്ങളിലായി 150 ൽ അധികം ആളുകൾ നേരിട്ടും അല്ലാതെയും ബാങ്കിനെ ആശ്രയിച്ച് തൊഴിൽ ചെയ്യുന്നുണ്ട്. കൂടാതെ ഡ്രൈ ഫ്രൂട്ട്സ് യൂണിറ്റ്, സ്പൈസസ് പ്രൊസസിംഗ് യൂണിറ്റ് തുടങ്ങിയവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാകുന്നതോടെ നൂറോളം പേർക്ക് കൂടി തൊഴിൽ ലഭിക്കും.
കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, മുൻ എം.പി ജോയ്സ് ജോർജ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ റെജി മുക്കാട്ട്, എം.ജെ ജോൺ, ചെറിയാൻ കട്ടക്കയം, ആർ പ്രഹ്ളാദൻ, ചിഞ്ചുമോൾ ബിനോയി, ഷേർളി ജോസഫ്, ഇടുക്കി ജോയിന്റ് രജിസ്ട്രാർ കെ. ശശികുമാർ, കേരള ബാങ്ക് സി.ജി.എം എ.ആർ രാജേഷ്, പാക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ കെ. ദീപക്, സഹകരണ ബാങ്ക് സെക്രട്ടറി സുനീഷ് കെ സോമൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സഹകരണ ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.