കൊച്ചി: ചൈനയില്‍ അഞ്ജാത വൈറസായ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നും കേരളത്തിലേക്ക് എത്തിയ എണ്‍പതുപേര്‍ നിരീക്ഷണത്തില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനയില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തിയവരെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥതകള്‍ തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏഴുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 


മറ്റുള്ള 73 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് 24 പേരെ വിധേയരാക്കിയെങ്കിലും സംശയകരമായ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ചൈനയില്‍നിന്ന് തിരിച്ചെത്തിയതു മുതല്‍ 28 ദിവസം വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 


കൂടാതെ ആളുകളുമായി അടുത്ത് ഇടപഴകുന്നത് പരമാവധി ഒഴിവാക്കണമെന്നും കൂടാതെ പനി, ചുമ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ചൈനയില്‍ ഇതുവരെ 830 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയാറു പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 


തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ, അമേരിക്ക, നേപ്പാള്‍, സിംഗപൂര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.