Covid Financial Help For SMEs: ചെറുകിട വ്യവസായ മേഖലക്ക് സർക്കാർ സഹായം
ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
Kochi: സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.
ലോക് ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതൽ ഡിസംബർ വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
‘വ്യവസായ ഭദ്രത’ സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി 2020 ഡിസംബർ 31 എന്നതിൽ നിന്നും 2021 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ആകെ 400 കോടി രൂപയുടെ ഈ പാക്കേജിൽ 5000 സംരംഭകർക്ക് സഹായം ലഭ്യമാക്കും.
ALSO READ: പ്ലാച്ചിമട കൊവിഡ് ചികിത്സാകേന്ദ്രം സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും. അർഹരായ യൂണിറ്റുകൾക്കുള്ള സബ്‌സിഡി 20 ലക്ഷം എന്നുള്ളത് 30 ലക്ഷം ആക്കി ഉയർത്തി. വ്യവസായിക പിന്നാക്ക ജില്ലകളിലും മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കും നൽകുന്ന സബ്‌സിഡി 30 ലക്ഷം എന്നുള്ളത് 40 ലക്ഷം ആയും ഉയർത്തി. 3000 യൂണിറ്റുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നായി 445 കോടി രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്. വനിത- യുവ – പട്ടികജാതി പട്ടികവർഗ്ഗ – എൻ.ആർ.കെ സംരംഭകർക്കും 25 ശതമാനം വരെ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...