കോവിഡ് ബാധിച്ച് മാസങ്ങളോളം അബുദാബിയിൽ ഐസിയുവിൽ; ഒടുവിൽ ജീവിതം തിരികെ പിടിച്ച് മലയാളിയായ കോവിഡ് മുന്നണിപ്പോരാളി
അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പ്രഖ്യാപിച്ചു.
Abudhabi : കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് മുന്നണി പോരാളി അരുൺ കുമാർ എം നായർ ആറ് മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. വൈദ്യശാസ്ത്രത്തിന് തീർത്തും അസാധ്യമെന്ന് ആശങ്കപ്പെട്ട അവസ്ഥയായിരുന്നു അരുണിന്റേത്. ഇതിനിടയ്ക്ക് തുടർച്ചയായി ഉണ്ടായ ഹൃദയാഘാതങ്ങൾ അരുണിന്റെ ചികിത്സയ്ക്ക് തടസങ്ങൾ തീർത്തിരുന്നു.
കോവിഡ് രോഗവ്യാപനം ആരംഭിച്ചത് മുതൽ തന്നെ കോവിഡ് മുന്നണി പോരാളിയായി ആരോഗ്യ പ്രവർത്തകനായ അരുൺ കുമാർ രംഗത്ത് ഉണ്ടായിരുന്നു. അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവൃത്തിക്കുന്നതിനിടയിലാണ് അരുൺ കുമാറിന് രോഗബാധ സ്ഥിരീകരിച്ചത്.
ALSO READ: Covid19: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദിയിൽ പ്രൈമറി സ്‌കൂളുകളും കിന്റർഗാർഡനുകളും തുറന്നു
2013 മുതൽ ആശുപത്രിയിൽ ഒടി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് കേരളത്തിൽ അമ്പലപ്പുഴ സ്വദേശിയായ അരുൺ. 2021 ജൂലൈ പകുതിയോടെയാണ് അരുണിന് കോവിഡ്-19 ബാധിച്ചത്. അതിനോടൊപ്പം തന്നെ കോവിഡ് വാക്സിന് ട്രെയലിന് യുഎഇ തുടക്കമിട്ടപ്പോൾ ആദ്യഘട്ടത്തിൽ തന്നെ അരുൺ വാക്‌സിനും സ്വീകരിച്ചിരുന്നു.
കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം DOH പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത ശ്വാസതടസം നേരിടാൻ തുടങ്ങുകയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിശദമായ പരിശോധനയിൽ അരുണിന്റെ ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു. അബുദാബി ബുർജീൽ ആശുപത്രിയിലാണ് അരുണിനെ പ്രവശിപ്പിച്ചത്.
സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്തതിനാൽ ജീവൻ നിലനിർത്താനായി കഴിഞ്ഞവർഷം ജൂലൈ 31-ന് ഡോക്ടർമാർ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം കൃത്രിമമായി നിലനിർത്താൻ അരുണിനെ ECMO സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. മാസങ്ങങ്ങളോളം ECMO സപ്പോർട്ടിലാണ് അരുണിന്റെ ജീവൻ നിലനിർത്തിയിരുന്നത്.
ചികിത്സയുടെ ആരംഭത്തിൽ മെച്ചപ്പെട്ട ലക്ഷണങ്ങൾ കാണിക്കുകയും മരുന്നുകളോട് നന്നായി പ്രതികരിക്കുകയും ചെയ്‌തെങ്കിലും അരുണിന്റെ ആരോഗ്യനില പെട്ടന്ന് ഗുരുതരമാവുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അരുൺ കുടുംബത്തെ അറിയിച്ചിരുന്നില്ല. ജോലിത്തിരക്കുള്ളതിനാൽ വിളിക്കാൻ ആകില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
"അരുൺ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ ആദ്യം ഞങ്ങൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ആശുപത്രിയിൽ നിന്ന് കോൾ ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമാണ് അരുൺ. അരുണിന്റെ മാതാപിതാക്കൾക്കും എനിക്കും വലിയ ഞെട്ടലായിരുന്നു ഈ വിവരം. ഞങ്ങൾ ആകെ തകർന്നു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി പ്രാത്ഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ." നാട്ടിൽ നേരത്തെ നഴ്‌സായി പ്രവർത്തിച്ചിരുന്ന ഭാര്യ ജെന്നി ജോർജ് പറഞ്ഞു.
ALSO READ: Job Loss : സൗദി അറേബ്യയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
"ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവർക്ക് ആശ്വാസവും കരുത്തുമേകാനായിരുന്നു എന്റെ ശ്രമം. വിപിഎസ് മാനേജ്‌മെന്റിന്റെയും യുഎഇയിൽ ജോലിചെയ്യുന്ന സഹോദരന്റെയും അരുണിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ അബുദാബിയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. വിസയും താമസവും കമ്പനി ലഭ്യമാക്കിത്തന്നു." ജെന്നി പറഞ്ഞു.
നിരന്തരമായി ഉണ്ടായ ഹൃദയാഘാതങ്ങളായിരുന്നു അരുണിന്റെ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എൽഹസൻ പറഞ്ഞു.
"അരുണിന്റെ ശ്വാസകോശം തകരാറിലായിരുന്നു. അത് മെച്ചപ്പെടുത്താവുന്ന അവസ്ഥയിൽ ആയിരുന്നില്ല. ECMO മെഷീന്റെ പിന്തുണയോടെ മാത്രമായി ശ്വാസോച്ഛാസം. ഇത് ഏകദേശം 118 ദിവസത്തോളം തുടർന്നു. സാധാരണ അവസ്ഥയിൽ, ഒരു തിരിച്ചുവരവ് അസാധ്യമെന്നു തോന്നുന്നത്രയും ദൈർഘ്യവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും. അതുകൊണ്ടാണ് അരുണിന്റെ തിരിച്ചുവരവിൽ ഞങ്ങൾക്ക് അത്ഭുതവും വലിയ സന്തോഷവും. ശരീരം പൂർണ്ണമായും തളർന്നിരിക്കുമ്പോൾ കടുത്ത ഹൃദയാഘാതങ്ങളെ അരുൺ അതിജീവിച്ചു. ആ പോരാട്ടവീര്യമാണ് അരുണിന്റെ അതിജീവനത്തിൽ എടുത്തു പറയേണ്ടത്. മെഡിക്കൽ കരിയറിൽ മറക്കാനാവില്ല ഈ അനുഭവം." എന്നും ഡോ. താരിഗ് അലി പറയുന്നു.
അരുണിന്റെ ശ്വാസകോശവും മറ്റ് അവയവങ്ങളും ഇപ്പോൾ പൂർണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. എങ്കിലും ശരീരം ശക്തിപ്രാപിക്കാൻ സമയം എടുത്തേക്കാം. സ്ഥിരമായി ഫിസിയോതെറാപ്പിയും പുനരധിവാസവും തുടരണം. ഇത്രയും പോരാടി മരണമുഖത്തു നിന്ന് പലതവണ തിരിച്ചെത്തിയ അരുണിന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ പ്രതീക്ഷ.
ചികിത്സ പൂർണമായി തിരിച്ചിറങ്ങിയ അരുണിന് ആരോഗ്യ പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. അതിനോടൊപ്പം വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്റെ സ്നേഹസമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു. അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും ഡോ.ഷംഷീർ പ്രഖ്യാപിച്ചു.
ALSO READ: Abu Dhabi Explosion: ആക്രമണം ആസൂത്രിതം; സ്‌ഫോടനത്തിന് പിന്നിൽ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ
യുഎഇയിലെ സേവനത്തിനും പോരാട്ടവീര്യത്തിനും ആദരവേകിയുള്ള ഈ സമ്മാനം അരുണിന് കൈമാറിയത് ഗ്രൂപ്പിലെ എമിറാത്തി ആരോഗ്യപ്രവർത്തകരാണ്. പ്രതിസന്ധിഘട്ടത്തിൽ മുന്നണിയിലിറങ്ങിയ പോരാളിക്കുള്ള നാടിന്റെ ആദരവുകൂടിയായി അങ്ങനെ ഈ ഉപഹാരം.
അരുൺ കുമാറിനെ ആദരിച്ച ചടങ്ങിൽ ഓൺലൈനായി ചലച്ചിത്രതാരം ടോവിനോ തോമസും പങ്കെടുത്തു. ടോവിനോ അരുണിന് ആശംസകൾ നേരുകയും ചെയ്തു. "സിനിമയിലേ എനിക്ക് സൂപ്പർ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയിൽ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുൻനിര യോദ്ധാക്കളാണ് യഥാർത്ഥ സൂപ്പർഹീറോകൾ. മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സല്യൂട്ട്" എന്ന് ടോവിനോ പറഞ്ഞു.
ഈ സാഹചര്യത്തിൽ പിന്തുണയ്ക്കും പരിചരണത്തിനും വിപിഎസ് ഹെൽത്ത്കെയറിനും ബുർജീൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനും യുഎഇയിലെ സുഹൃത്തുക്കൾക്കുമാണ് അരുണും കുടുംബവും നന്ദി അറിയിച്ചു. നിലവിൽ അരുണും കുടുംബവും നാട്ടിലേക്ക് മടങ്ങി. സേവനത്തിനായി ആരോഗ്യപ്രവർത്തകന്റെ യൂണിഫോമണിഞ്ഞു യുഎഇയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അരുൺ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...