തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി ഡിജിപി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി.


ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റില്‍ ആകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഇനി മുതല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് വരേണ്ടതില്ല.


ഇങ്ങനെ അറസ്റ്റില്‍ ആകുന്നവരെ കൊണ്ട് വരുന്നതിനായി സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രോഡക്ഷന്‍ സെന്ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പോലീസ് 
മേധാവിയും ഡിവൈഎസ്പി യും ചേര്‍ന്ന് കണ്ടെത്തണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.


കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കുകയും ഡിവൈഎസ്പിക്ക് അടുത്ത പോലീസ് സ്റ്റേഷനോ വസതിയോ 
കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.


അറസ്റ്റ് ചെയ്തതിന് ശേഷമുള്ള വൈദ്യ പരിശോധനയ്ക്ക് ശേഷം കുറ്റവാളിയെ ഇനിമുതല്‍ ഈ കേന്ദ്രത്തിലാകും കൊണ്ട് വരുക.
പരമാവധി കുറച്ച് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഈ നടപടികളില്‍ പങ്കാളികളാകൂ, ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡയറി സൂക്ഷിക്കുകയും ചെയ്യും.
ഈ കേന്ദ്രത്തില്‍ ഒരു സബ് ഇന്‍സ്പെക്ട്ടറെയും നിയോഗിക്കും.


അറസ്റ്റ് ചെയ്യുമ്പോള്‍ കുറ്റവാളികളെ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം എന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.


കുറ്റവാളിക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഈ കേന്ദ്രത്തിലെ എസ്ഐ ക്കും അറസ്റ്റിനും തുടര്‍നടപടികള്‍ക്കും നേതൃത്വം 
നല്‍കിയ പോലീസുകാര്‍ക്കും മാത്രമേ നിരീക്ഷണത്തില്‍ പോകേണ്ടി വരൂ.