തിരുവനന്തപുരം: പ്രളയകാലത്ത് വിദേശയാത്ര നടത്തിയ വനം മന്ത്രി കെ. രാജുവിന് പാര്‍ട്ടി പരസ്യ ശാസന നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ നിലയില്‍ ഒരു മന്ത്രി വിദേശത്തേക്ക് പോകുന്നതിനുള്ള അനുവാദം വാങ്ങിതന്നെയാണ് കെ. രാജു പോയതെങ്കിലും കേരളം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ വിദേശയാത്ര നടത്തിയത് അനുചിതമായിരുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.


ഔചിത്യപൂര്‍വമായിരുന്നില്ല രാജുവിന്‍റെ നടപടിയെന്ന് പാര്‍ട്ടി എക്സിക്യൂട്ടീവ് വിലയിരുത്തിയതിനാലാണ് അദ്ദേഹത്തിന് പരസ്യ ശാസന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


അതേസമയം പ്രളയക്കെടുതി രൂക്ഷമായ സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കാനം സൂചിപ്പിച്ചു. 


'കേരളത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല കേളത്തില്‍ പ്രളയമുണ്ടായത്. ഡാമുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍പ്പോലും ശക്തമായ വെള്ളപ്പൊക്കമുണ്ടായി. അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനാലാണ് പന്തളത്ത് വെള്ളക്കെട്ടുണ്ടായത്'- കാനം വ്യക്തമാക്കി.


പ്രകൃതിയ്ക്ക് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.


പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന സംസ്ഥാനത്തിന് ഇനി വേണ്ടത് അതിജീവനത്തിനുള്ള മാര്‍ഗമാണെന്ന് സൂചിപ്പിച്ച അദ്ദേഹം, പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ ഒരുമാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനമായതായി സൂചിപ്പിച്ചു.


ഇതിനോടകം തന്നെ ഒരുകോടി പത്തുലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിക്കഴിഞ്ഞതായും കാനം വ്യക്തമാക്കി.


എന്നാല്‍ പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനം കരകയറും മുന്‍പേ തന്നെ ചിലര്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.