CPM: തിരഞ്ഞെടുപ്പിലെ തിരിച്ചടി; വിശദമായി പരിശോധിക്കാൻ സിപിഎം
CPM central committee meeting: ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്നലെ ചേർന്ന പി ബി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഉൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി വിശദമയി പരിശോധിക്കാൻ സിപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന നടക്കും. സംസ്ഥാനങ്ങളോട് തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ സാഹചര്യം സങ്കീർണ്ണമാണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും ഇന്നലെ ചേർന്ന പി ബി യോഗത്തിൽ അഭിപ്രായം ഉയർന്നു. ബിജെപിയുടെ വളർച്ച ഗൗരവമായി കാണേണ്ടതുണ്ടെന്നും നേതാക്കൾ പി ബി യിൽ അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷമായിരിക്കും എന്തൊക്കെ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി തീരുമാനമെടുക്കുക. കേരളത്തിലും അടിയന്തര തിരുത്തൽ ഉണ്ടാകണമെന്ന് സംസ്ഥാന നേതൃത്വം പിബിയിൽ അറിയിച്ചതായാണ് വിവരം.
ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവെച്ചു. സംസ്ഥാന-ദേശീയ നേതൃത്വങ്ങളുമായി ഡൽഹിയിൽ ചർച്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ജോസ് വള്ളൂർ രാജി പ്രഖ്യാപിച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.
ഇന്ന് നടന്ന ഡിസിസി ഭാരവാഹിയോഗത്തിൽ ജോസ് വളളൂർ രാജിവെച്ചതായി അറിയിക്കുകയായിരുന്നു. ഡിസിസി ഓഫീസിലെത്തിയ ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ജോസ് വളളൂരിനനുകൂലമായി മുദ്രാവാക്യം മുഴക്കി പ്രവർത്തകർ രംഗത്തെത്തി. അതിനിടെ, തൃശൂരിലെ കോൺഗ്രസ് തോൽവിയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമാറിയിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്.
ജോസ് വള്ളൂരിനെതിരെ നേരത്തെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് മുതൽ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. ടി എൻ പ്രതാപൻ, ജോസ് വള്ളൂർ, എം പി വിൻസെന്റ്, അനിൽ അക്കര, ഐപി പോൾ തുടങ്ങിയവർക്കെതിരെയായിരുന്നു തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ചുള്ള അജ്ഞാത പോസ്റ്ററുകൾ. ഈ പോസ്റ്റർ പ്രചാരണം ചോദ്യം ചെയ്ത് ജോസ് വള്ളൂർ കോണ്ഗ്രസ്സ് നേതാവ് സജീവൻ കുരിയച്ചിറയെ മർദിച്ചതിനെ തുടർന്ന് ദേശീയ നേതൃത്വം ഇടപെടുകയായിരുന്നു. ഡൽഹിയിലേക്ക് വിളിച്ചുവരുത്തി കെ.സി വേണുഗോപാൽ, കെപിഎസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയവർ ജോസ് വള്ളൂരിൽ നിന്നും വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു ഇന്ന് ജോസ് വള്ളൂരിന്റെ രാജി പ്രഖ്യാപനം.