തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിലും സഹകരണമേഖലയിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഇടതു ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും കടകളും, അടഞ്ഞുകിടക്കുകയാണ്. .. ആദ്യമണിക്കൂറില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബാങ്കുകളേയും തീര്‍ത്ഥാടനക്കാലം പരിഗണിച്ച് ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല ഇടത്താവളങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്.


സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍വീസ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയും നീക്കം ഉപേക്ഷിച്ചു.  പതിവ് പോലെ തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി മൂന്ന് മേഖലകളിലും ജനജീവിതം സ്തംഭിച്ചു. 


അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളെ സഹായിക്കാന്‍ പൊലീസും രംഗത്തിറങ്ങും. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവടങ്ങളില്‍ എത്തുന്നവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടി പൊലീസ് ബസുകള്‍ സര്‍വീസ് നടത്തും. 


എല്ലാ പൊലീസ് സ്റ്റേഷന്‍ മേഖലകളിലും പൊലീസ് സേനയെ വിന്യസിക്കും. പ്രധാനപ്പെട്ട ഓഫീസുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റും ജോലിക്കെത്തുന്നവര്‍ക്ക് പരമാവധി സംരക്ഷണം നല്‍കാന്‍ ശ്രമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.


ആര്‍ബിഐ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന രാപ്പകല്‍ സമരത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ശബരിമല തീര്‍ത്ഥാടകരെയും വിദേശ വിനോദസഞ്ചാരികളെയും തടയരുതെന്ന് നിര്‍ദേശമുണ്ട്. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്കുകള്‍ എന്നിവയെയാണ് ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.