കേരളത്തിലും ശ്മശാനങ്ങൾ നിറയുന്നു: തിരുവനന്തപുരത്ത് ശ്മശാനങ്ങളിൽ തിരക്ക്
പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്
തിരുവനന്തപുരം: കേരളത്തിലും ശ്മശാനങ്ങളിൽ സംസ്കാരത്തിന് കാത്തിരിക്കേണ്ട അവസ്ഥ. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ (Corporation) നടത്തുന്ന വൈദ്യുത ശ്മശാനമായ (Crematorium) തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഴുവന്‍ സമയവും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. കോവിഡ് (Covid) ഇതര മൃതദേഹങ്ങള്‍ വിറകുചിതയിലും കോവിഡ് മൃതദേഹങ്ങള്‍ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്.
ALSO READ: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ
തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫര്‍ണസുകളും പുതുതായി നിര്‍മിച്ച രണ്ട് ഗ്യാസ് ഫര്‍ണസുകളുമാണുള്ളത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകുചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. ഇതോടെ വ്യാഴാഴ്ച മുതല്‍ വിറകുചിതകള്‍ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തില്‍ കോര്‍പ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.
കൊവിഡ് രോഗ വ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടിയിട്ടുണ്ട്. ഇവരില്‍ മിക്കവരേയും ശ്മശാനങ്ങളിലാണ് സംസ്കരിക്കുന്നത്. ഇതാണ് തിരക്ക് കൂടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഒന്നോ രണ്ടോ ദിവസം മോര്‍ച്ചറിയില്‍ വയ്ക്കാമെന്ന് കരുതിയാലും പലയിടത്തും മോര്‍ച്ചറികളും നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാൽ ശവസംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിലും സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. വൈദ്യുതി ശ്മശാനത്തിൽ പ്രതിദിനം ശരാശരി പത്ത് മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടേതല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
ALSO READ: Kerala Covid Update: ആദ്യമായി നാൽപ്പത്തിനായിരം കടന്ന് കൊവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം
കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്മശാനത്തിൽ എത്തുന്നത്. ഇവിടെ നിലവിൽ പ്രശ്നങ്ങളില്ല. കൂടുതൽ മൃതദേഹം എത്തുന്നതനുസരിച്ച് ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിലും നിലവിൽ പ്രശ്നങ്ങൾ ഇല്ല. ദിവസം ശരാശരി 17 മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തിക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇവിടെ ഉണ്ട്. തൃശ്ശിരിലെ ലാലൂർ ശ്മശാനത്തിൽ ആശങ്കപ്പെടുന്ന തരത്തിൽ തിരക്കില്ല. ദിവസം എട്ട് മുതൽ 10 മൃതദേഹങ്ങൾ സംസ്കരിക്കുന്നു. എണ്ണം കൂടിയാൽ കാത്തിരിക്കുന്ന സ്ഥിതി വരും എന്ന് അധികൃതർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.