Death threats MK Muneer: താലിബാനെതിരെ പോസ്റ്റിട്ടതിന് എംകെ മുനീറിന് വധഭീഷണി; ജോസഫ് മാഷിന്റെ അനുഭവം ക്ഷണിച്ച് വരുത്തരുതെന്നും മുന്നറിയിപ്പ്
സംഭവവുമായി ബന്ധപ്പെട്ട് കത്തിന്റെ പകർപ്പ് സഹിതം പൊലീസ് മേധാവിക്ക് പരാതി നൽകിയതായി എംകെ മുനീർ വ്യക്തമാക്കി
കോഴിക്കോട്: താലിബാനെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന്റെ (Facebook post) പേരില്‍ എംകെ മുനീര്‍ എംഎല്‍എയ്ക്ക് വധഭീഷണി. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. താലിബാന് (Taliban) എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്ന് കത്തിൽ പറയുന്നു.
എംകെ മുനീറിന് കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആർഎസ്എസ് സ്‌നേഹവും കാണുന്നുവെന്നും കത്തിൽ പറയുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും, ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു.
ALSO READ: പോസ്റ്റർ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശത്രുക്കൾ; സമ്മർദ്ദങ്ങൾക്ക് കീഴടങ്ങില്ലെന്നും VD Satheesan
ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് (Medical college) അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കത്തിന്റെ പകർപ്പ് സഹിതം പൊലീസ് മേധാവിക്ക് പരാതി നൽകിയതായി എംകെ മുനീർ വ്യക്തമാക്കി. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്താണ് ലഭിച്ചത്. എന്നാൽ പോസ്റ്റ് പിൻവലിക്കാൻ തയ്യാറല്ലെന്ന് തന്നെയാണ് എംകെ മുനീറിന്റെ നിലപാട്.
താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും എംകെ മുനീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...