ന്യൂഡല്‍ഹി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. തിരുവനന്തപുരത്തെയും കോഴിക്കോടെയും വിമാനത്താവളങ്ങളും അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സേനകള്‍ക്ക് ഉപയോഗിക്കാമെന്നും അവര്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തുന്നുണ്ട്. തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകള്‍, പോലീസിന്‍റെ ആറ് ബോട്ടുകള്‍, കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് ബോട്ടുകള്‍, നേവിയുടെ രണ്ട് ബോട്ടുകള്‍, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകള്‍, എന്‍ഡിആര്‍എഫിന്‍റെ ആറ് ബോട്ടുകള്‍, ഫയര്‍ഫോഴ്‌സിന്‍റെ ഒരു ബോട്ട്, എറണാകുളത്തു നിന്ന് രണ്ട് ബോട്ട് എന്നിവയാണ് പത്തനംതിട്ടയില്‍ ഉടന്‍ എത്തുന്നത്.


ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു വരുന്നു. നൂറനാട് ഐടിബിപിയില്‍നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തി കഴിഞ്ഞു. വീടിന്‍റെ രണ്ടാം നില വരെ വെള്ളം ഉയര്‍ന്നതോടെ ജില്ലയിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ്. 


പമ്പാ തീരത്തെ സ്ഥിതി ഏറെ ഭീതിതമാണ്. ശബരി ബാലാശ്രമത്തില്‍ 37 കുട്ടികള്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷതേടി എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍. പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റര്‍ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളില്‍ കുടുങ്ങി പോയവര്‍ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്നല്‍ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്.